
പണ്ടൊക്കെ നമ്മുടെ നാട്ടില്‍ വിനോദ സഞ്ചാരത്തിനെത്തുന്ന വിദേശികളെ നാം വളരെ കൗതുകത്തോടെയാണ് നോക്കിക്കാണ്ടിരുന്നത്. നമ്മളില്‍ നിന്ന് ഏറെ വ്യത്യസ്തരായി നില്ക്കുന്നതുകൊണ്ട് തന്നെ അവരോട് സംസാരിക്കാനും കൂടെ നിന്ന് ഫോട്ടോയെടുക്കാനുമൊക്കെ നാം ആഗ്രഹിക്കാറുണ്ട്. എന്നാല്‍ കാലം മാറിയതോടെ ഇത്തരം ചിന്താഗതികളില്‍ എല്ലാം മാറ്റം വന്നുത്തുടങ്ങി. എന്നാല്‍ രസകരമായ കാര്യമെന്തെന്നാല്‍ ഇന്നും വിദേശികളോടൊത്ത് സെല്‍ഫിയെടുക്കാന്‍ ആഗ്രഹിക്കുന്ന ആളുകളും ഉണ്ടെന്ന് തെളിയിക്കുകയാണ് ഈ സംഭവം. ഇന്ത്യയിലെത്തിയ ഒരു റഷ്യക്കാരി തന്റെ കൂടെ സെല്‍ഫി എടുക്കുന്നതിന് ഒരാളില്‍ നിന്നും 100 രൂപയാണ് ഈടാക്കുകയാണത്രേ.
@angelinali777 എന്ന ഇന്‍സ്റ്റഗ്രാം യൂസറാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇവിടെയുള്ളവര്‍ നിരന്തരം സെല്‍ഫി എടുക്കാനാവശ്യപ്പെട്ട് ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയതോടെയാണ് റഷ്യക്കാരിയായ യുവതി ഇങ്ങനെ ഒരു കാര്യം ചെയ്തത് എന്നാണ് പറയുന്നത്. ഇന്ത്യയിലെ ബീച്ചുകളില്‍ വിദേശികള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് ഇങ്ങനെ സെല്‍ഫി എടുക്കുന്നത്. അതിനൊരു പരിഹാരമാണ് ഇങ്ങനെ പൈസയീടാക്കുന്നത് എന്നാണ് വീഡിയോയില്‍ എഴുതിയിരിക്കുന്നത്. ഇപ്പോള്‍ എല്ലാവരും ഹാപ്പിയാണ് എന്നാണ് യുവതി പറയുന്നത്. ഇന്ത്യക്കാര്‍ക്ക് വിദേശികളോടൊപ്പമുള്ള സെല്‍ഫിയും ആയി. വിദേശികളാണ് എങ്കില്‍ മടുക്കുകയുമില്ല എന്നും യുവതി പറയുന്നു.
വീഡിയോയില്‍ യുവതി 'ഒരു സെല്‍ഫിക്ക് നൂറുരൂപ' എന്ന് എഴുതിയ കടലാസും പിടിച്ചുകൊണ്ട് നില്‍ക്കുന്നത് കാണാം.
നിരവധിപ്പേരാണ് യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'ഇതാണ് ബിസിനസ്' എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റൊരാള്‍ ചോദിച്ചിരിക്കുന്നത്, 'എന്ത് ഇന്ത്യക്കാര്‍ ഒപ്പം സെല്‍ഫി എടുക്കുന്നതിന് പണം നല്‍കാനോ? എന്നിട്ട് ശരിക്കും അങ്ങനെ ഇന്ത്യക്കാര്‍ പണം നല്കുന്നുണ്ടോ' എന്നായിരുന്നു. 'അത് റഷ്യയില്‍ നിന്നുള്ള സ്ത്രീകളുടെ കാര്യത്തില്‍ മാത്രമേ നടക്കൂ' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.






