
ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന് നായകനായി എത്തിയ ചിത്രമാണ് ‘മാര്‍ക്കോ’. വന്‍ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന സിനിമ മലയാളത്തിലെ ഏറ്റവും വയലന്‍സുള്ള ചിത്രമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. സത്യത്തില്‍ ഇന്ത്യന്‍ സിനിമ ഇന്നുവരെ കാണാത്ത വയലന്‍സാണ് ഈ സിനിമയിലുള്ളതെന്ന് പറയാം. അതുകൊണ്ട് തന്നെ ചിത്രത്തിലെ ചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യപ്രകാരം മാറ്റിയിരുന്നു.
ബോക്സോഫില്‍ വന്‍ വിജയം നേടിയ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി റിയാസ് ഖാനും ഉണ്ടെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പക്ഷേ ചിത്രം പുറത്തുവന്നതിന് പിന്നാലെ, സിനിമയിൽ റിയാസ് ഖാന്റെ അസാന്നിധ്യത്തെക്കുറിച്ച് വലിയ ചര്‍ച്ചകളുണ്ടായി. ചിത്രത്തില്‍ റിയാസ് ഖാന് ഉണ്ടായിരുന്നുവെന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്ക് ഒരു വലിയ സങ്കടമായി അത് മാറി. ‘മാര്‍ക്കോ’യില്‍ വെട്ടിക്കുറച്ച രംഗങ്ങളിലായിരുന്നു റിയാസ് ഖാന്റെ സീനുകള്‍ ഉണ്ടായിരുന്നത്.
ഇപ്പോഴിതാ സിനിമയില്‍ തന്റെ സീനുകള്‍ ഇല്ലാതെ പോയതിനെക്കുറിച്ച് സംസാരിക്കുകയാണ് റിയാസ് ഖാന്. താന്‍ അഭിനയിച്ച ഭാഗങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്നും സീനുകള്‍ ഒഴിവാക്കിയതില്‍ വിഷമമുണ്ടെന്നും എന്നാല്‍ മനപ്പൂര്‍വം ചെയ്തതല്ലെന്നും റിയാസ് ഖാന് പറയുന്നു.
‘‘മാര്‍ക്കോ ഷൂട്ടിങ് സമയത്ത് ഉണ്ണി മുകുന്ദനും ഞാനും അടിച്ചുകേറി വാ റീല്‍ ചെയ്തു. അതിന് നന്നായി റീച്ച് കിട്ടി. ആ വീഡിയോ കാണുമ്പോള്‍ തന്നെ അറിയാം ഞാനും ഉണ്ണിമുകുന്ദനും നല്ല അടുപ്പമുള്ളവരാണെന്ന്. നിങ്ങള്‍ കണ്ട ലുക്കോ ഒന്നുമല്ല, ഞാന്‍ കണ്ട മാര്‍ക്കോയ്ക്ക്. എന്റേയും ഉണ്ണിയുടേയും വലിയൊരു ഭാഗം മറ്റൊരു മേക്കോവറിലാണ് ചെയ്തത്. ബ്ലാക് ആന്‍ഡ് ബ്ലാക് സ്യൂട്ടിട്ടുള്ള ഗെറ്റ് അപ്പ് അല്ല. ഉണ്ണി വേറൊരു സ്റ്റൈലിലായിരുന്നു. അത് മുഴുവന്‍ സിനിമയില്‍ ഇല്ല. അത്തരമൊരു ഭാഗത്തായിരുന്നു ഞാനുള്ളത്.
എന്നെ സംവിധായകന് ഹനീഫ് അദേനി വിളിച്ചു, ഇക്ക, മനപ്പൂര്‍വമല്ലെന്ന് പറഞ്ഞു. അത് ഡയറക്ടറുടെ തീരുമാനമാണെന്ന് ഞാന്‍ പറഞ്ഞു. അത് അങ്ങനെ ആണെങ്കിലും തെറ്റില്ല. സംവിധായകനെ ഞാന്‍ ബഹുമാനിക്കുന്നു. നടന് എന്ന നിലയില്‍ എനിക്ക് വിഷമമുണ്ട്. പുതിയ നടനാണെങ്കിലും പേരെടുത്ത നടനാണെങ്കിലും സൂപ്പര്‍താരമാണെങ്കിലും നമ്മളെ സില്‍വര്‍ സ്ക്രീനില്‍ കാണാനാണ് ആഗ്രഹിക്കുക. ഭയങ്കര ഹിറ്റായ ഒരു പടത്തില്‍നിന്ന് പുറത്താവുന്നതിലും വിഷമമുണ്ട്. ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രത്തില്‍ ഞാനുണ്ട്, പക്ഷേ ഇല്ല.
കുറേപ്പേര് ഈ ചോദ്യം ചോദിച്ചു, ഞാന്‍ ഉത്തരം ഒന്നും കൊടുത്തില്ല. സംവിധായകന്റെ ഇഷ്ടമാണ്, എനിക്ക് അറിയില്ല എന്ന് സിംപിളായി പറഞ്ഞു. ഇതാണ് യഥാര്‍ഥ സംഭവം. ആരും മനഃപൂര്‍വ്വമല്ല. ഉണ്ണിക്കും ഭയങ്കര ഇഷ്ടമായിരുന്നു. ഉണ്ണിയാണ് എന്നെ വിളിച്ച് ഇക്കാ, ഇത് ചെയ്തു തരണം, ഈ പോര്ഷനില് നമ്മള് രണ്ടുപേരും മാത്രമേയുള്ളൂ വേറെ ആരും ഇല്ല എന്ന് പറഞ്ഞത്. രണ്ടുപേരും കട്ടയ്ക്ക് കട്ടയുള്ള ഫൈറ്റ് ഉണ്ടായിരുന്നു സിനിമയില്‍. മനഃപൂര്‍വ്വം ആരും ഒന്നും ചെയ്യില്ല. സാഹചര്യങ്ങളാണ് എല്ലാം. ആരും ആരുടെ വളര്‍ച്ചയും തടയാന്‍ പോവുന്നില്ല....’’ റിയാസ് ഖാന് പറയുന്നു.
ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്. റിയാസ് ഖാന് മാര്‍ക്കോയുടെ രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്ന് നിര്‍മാതാവ് മുന്‍പ് പറഞ്ഞിരുന്നു.






