
മലയാളത്തിന്റെ എവര്‍ഗ്രീന്‍ കോമഡി സിനിമകളില്‍ എടുത്തു പറയാവുന്ന ഒന്നാണ് മുകേഷ് നായകനായി എത്തിയ മുത്താരംകുന്ന് പി.ഒ. കുടുംബപ്രേക്ഷകരുടെ പ്രിയ സംവിധായകനായ സിബി മലയില്‍ ഒരുക്കിയ ചിത്രത്തിന്റെ കഥ നടൻ ജഗദീഷിന്റെയും തിരക്കഥ ശ്രീനിവാസന്റെയുമായിരുന്നു. ഇന്നും പ്രേക്ഷകര്‍ ഒരുപാട് ചിരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന സിനിമ കൂടിയാണിത്.
ഇപ്പോഴിതാ തന്റെ കഥയില്‍ നിന്നും ശ്രീനിവാസന് ഒരുപാട് മാറ്റങ്ങള്‍ വരുത്തിയെന്നും നായിക ഉള്‍പ്പെടെയുള്ള പല കഥാപാത്രങ്ങളെയും പുനഃസൃഷ്ടിച്ചുയെന്നും ജഗദീഷ് പറയുകയാണ്. ആസിഫ് അലി ചിത്രം രേഖാചിത്രത്തിലെ മുത്താരംകുന്ന് പിഒ സിനിമയുടെ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ പിന്നണിക്കഥകള്‍ ജഗദീഷ് പറഞ്ഞത്.
‘‘ശ്രീനിവാസന്റെ സംഭാവനയില് ഉടലെടുത്ത കഥാപാത്രങ്ങളാണ് നായിക അമ്മിണിക്കുട്ടിയും ധാരാ സിംഗും. സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ശ്രീനിവാസൻ ധാരാ സിംഗ് എന്ന കഥാപാത്രത്തെ കുറിച്ച് ഞങ്ങളോട് പറയുന്നത്. ധാരാ സിംഗിനെ എങ്ങനെ മുത്താരംകുന്നിലേക്കെത്തിക്കുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഹിന്ദി അറിയാമെന്ന ഒറ്റ കാരണത്താല്‍ ആ ചുമതല എനിക്ക് ലഭിച്ചത്. ടെലിഫോണിലൂടെ ധാരാ സിംഗിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായി ബന്ധപ്പെട്ടു. തുടർന്ന് നേരില്‍ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കുകയും ചെയ്തു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്ന സമയമായതു കൊണ്ട് ധാരാ സിംഗിനെ നേരില്‍ കണ്ട് കൂട്ടികൊണ്ടുവരാനുള്ള ചുമതലയും എനിക്ക് ലഭിച്ചു.
ധാരാ സിംഗിനായി രണ്ട് ലക്ഷം രൂപ വരെ ചിലവഴിക്കാനാകൂ എന്നാണ് നിർമാതാക്കള്‍ എന്നോട് പറഞ്ഞത്. ചിലർ അദ്ദേഹം പത്ത് മുതല്‍ 15 ലക്ഷം രുപ വരെ വാങ്ങിക്കുമെന്ന് പറഞ്ഞു പേടിപ്പിച്ചു. അങ്ങനെ അവസാനം അദ്ദേഹത്തെ നേരില്‍ കണ്ട് സിനിമയുടെ കഥയെല്ലാം പറഞ്ഞു, അവസാനം പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചയായി, അദ്ദേഹം എന്നോട് നിങ്ങള്‍ക്ക് എത്രയാണ് നല്കാൻ സാധിക്കുക എന്ന് ചോദിച്ചു. വലിയ സാമ്പത്തിക മെച്ചമില്ലാത്ത സിനിമ ഇൻഡസ്ട്രിയാണ് മലയാളത്തിന്റേത്. അതുകൊണ്ട് ഇത് പ്രതിഫലമായി കണക്കാക്കരുതെന്ന് എന്ന് അദ്ദേഹത്തോട് ഒരു പത്ത് പ്രാവിശ്യമെങ്കിലും പറഞ്ഞുകാണും. എന്നിട്ട് 25,000 രൂപ എന്ന പറഞ്ഞു. മറിച്ചൊന്നും അലോചിക്കാതെ അദ്ദേഹം സമ്മതം അറിയിക്കുകയും ചെയ്തു.
25,000 രൂപയ്ക്ക് അദ്ദേഹത്തിന്റെ ഡേറ്റ് ബുക്ക് ചെയ്തിട്ട് വന്ന ശ്രീനിവാസനോടും സിബി മലയിലിനോട് ഇക്കാര്യം അറിയിച്ചപ്പോള്‍ അവർ ഞെട്ടിപ്പോയി. സിനിമയുടെ ചിത്രീകരണത്തിനായി ധാരാ സിംഗ് എത്തുന്ന സമയത്ത് ഇവിടെ വലിയ ഒരുക്കുങ്ങളായിരുന്നു. എത്ര കോഴിയെ കൊല്ലണം, എത്ര മുട്ട വേണമെന്നുള്ള ആശങ്കയായിരുന്നു ഇവിടെ പലർക്കുമുണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹം വന്നപ്പോള്‍ നമ്മള് കഴിക്കുന്നത് പോലെ അല്പം അധികം മാത്രമേ കഴിക്കൂ എന്ന മനസ്സിലാക്കി. 25,000 രൂപയ്ക്ക് മലയാളത്തില്‍ ചിത്രം ചെയ്യാൻ സമ്മതം അറിയിച്ചത് ധാരാ സിംഗിന്റെ വലിയ മനസ്സാണ്...’’ ജഗദീഷ് പറയുന്നു.






