
സർക്കാർ സേവനങ്ങൾ വാട്സാപ്പിലൂടെ ലഭ്യമാക്കാനൊരുങ്ങി ആന്ധ്രാ സർക്കാർ. സർക്കാർ സ്ഥാപനങ്ങളിൽ ജനങ്ങൾ പല ആവശ്യങ്ങൾക്കുമായി നിരന്തരം കയറി ഇറങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണമെന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കാൻ പോകുന്നത്.
ജനുവരി അവസാനത്തോടെ ജനങ്ങളിലേക്ക് ഈ സംവിധാനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു സംക്രാന്തി പരിപാടിയുടെ ഉദഘാടനത്തിനിടെ പറഞ്ഞു. ജനങ്ങൾക്ക് വാട്സാപ്പ് വഴി ബില്ലുകളും അടക്കാൻ സാധിക്കും. ഇ-ഗവർണൻസ് സംവിധാനം വഴി 150 ഓളം തരം സേവനങ്ങളാണ് ഇതുവഴി ലഭ്യമാക്കുക. ജനന-മരണ സർട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റ്, ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ തുടങ്ങി നിരവധി സേവനങ്ങളും കൂടാതെ ബില്ലുകൾ അടക്കുവാനുള്ള സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പദയാത്രക്കിടെ ലഭിച്ച പ്രതികരണത്തിൽനിന്നുമാണ് ഇത്തരമൊരു ആശയം ഉടലെടുത്തതെന്ന് മുതിർന്ന ടി ഡി പി നേതാവ് പറഞ്ഞു. സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേർ പരാതി ഉന്നയിച്ചിരുന്നു. വീട്ടുസാധനങ്ങൾ ഉൾപ്പടെ എല്ലാ തരത്തിലുള്ള സേവനങ്ങളും ഇന്ന് ഫോൺ വഴി ലഭിക്കും. സർക്കാർ സേവനങ്ങൾക്കും ഇത്തരത്തിലുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യങ്ങൾ ഉന്നയിച്ചതിനൊടുവിലാണ് പുതിയ പദ്ധതി ഒരുക്കിയിരിക്കുന്നത്.






