
മൂന്നാര്‍: മൂന്നാറില്‍ പട്ടാപ്പകല്‍ കൊമ്പു കോര്‍ത്ത് കാട്ടുകൊമ്പന്മാര്. ഗ്രാമപഞ്ചായത്തിന്റെ കല്ലാറിലുള്ള മാലിന്യ സംസ്ക്കരണകേന്ദ്രത്തിലെത്തിയ രണ്ടു കാട്ടാനകളാണ് പരസ്പരം കൊമ്പു കോര്‍ത്തത്.
പകല്‍ സമയത്തു പോലും പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം വര്‍ധിച്ചതോടെ മാലിന്യസംസ്കരണകേന്ദ്രത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളടക്കം ആശങ്കയിലാണ്. മുമ്പ് കേന്ദ്രത്തിന് സമീപം കാട്ടാന ആക്രമണം ഉണ്ടാവുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
മാലിന്യ സംസ്ക്കരണകേന്ദ്രത്തില്‍ എത്തുന്ന കാട്ടാനകള്‍ കൂടിക്കിടക്കുന്ന മാലിന്യം ഭക്ഷിക്കുന്നത് പതിവാണ്. മാലിന്യ സംസ്ക്കരണ കേന്ദ്രത്തിനുള്ളിലേക്ക് കാട്ടാനകള്‍ എത്താതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം മുമ്പ് വനംവകുപ്പ് മുമ്പോട്ട് വച്ചിരുന്നു.
വേനല്‍ കനക്കുന്നതോടെ തീറ്റ തേടി കൂടുതല്‍ ആനകള്‍ ഇവിടേക്കെത്തിയാല്‍ അത് പ്രതിസന്ധിക്ക് ഇടയാക്കും. ആനകളെ ഇൗ പ്രദേശത്തുനിന്ന് തുരത്തണമെന്നും കാട്ടാനകള്‍ മാലിന്യം നിക്ഷേപിക്കപ്പെടുന്ന പ്രദേശത്ത് എത്താതിരിക്കാന്‍ നടപടി സ്വീകരിക്കുകയും വേണമെന്നാണ് ആവശ്യം.






