
ഇന്ന് ലോകത്തിന്റെ എല്ലാ മേഖലകളിലും എഐ സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞു. ജോലി രംഗങ്ങളിലും, വിദാഭ്യാസ മേഖലയിലും ആരോഗ്യ രംഗത്തും എഐ സാങ്കേതികവിദ്യ വലിയ വിപ്ലവമാണ് സൃഷ്ടിച്ചുക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചൈനയില്‍ യുവാക്കളുടെയും കുട്ടികളുടെയും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന സാമൂഹിക ഉത്ക്കണ്ട കൈകാര്യം ചെയ്യാന്‍ എഐ വളര്‍ത്തുമൃഗങ്ങളെ വ്യാപകമായി ഉപയോഗിക്കുന്നതായിട്ടാണത്രേ പുതിയ റിപ്പോര്‍ട്ട്. സാമൂഹിക ഉത്കണ്ഠയെ നേരിടാനും വൈകാരിക പിന്തുണ നല്‍കാനും സ്മാര്‍ട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) വളര്‍ത്തുമൃഗങ്ങള്‍ ഉപയോഗിക്കുന്ന ചൈനീസ് കുട്ടികളുടെയും യുവാക്കളുടെ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്.
2024 മെയ് മുതല്‍, ഗിനി പന്നിയെപ്പോലെ തോന്നിക്കുന്ന 'സ്മാര്‍ട്ട് പെറ്റ് ബൂബൂ' (BooBoo) 1,000 യൂണിറ്റുകള്‍ വിറ്റു കഴിഞ്ഞതായും സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബൂബൂ വാങ്ങിയ ശേഷം തന്റെ ജീവിതം കൂടുതല്‍ ആശ്വാസകരമായെന്ന് 19 -കാരിയായ ഒരു യുവതി സൗത്ത് ചൈന മോണിംഗ് പോസ്റ്റിനോട് വെളിപ്പെടുത്തി. സ്കൂളിലും ചുറ്റുപാടിലും സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ താന്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്നും അത് തന്നെ ഏറെ ഉത്കണ്ഠപ്പെടുത്തിയിരുന്നു എന്നുമാണ് ഈ യുവതി പറയുന്നത്. എന്നാല്‍ തന്റെ ജീവിതത്തിലേക്ക് സ്മാര്‍ട്ട് പെറ്റ് ബൂബൂ കടന്നുവന്നതോടെ താന്‍ കൂടുതല്‍ സന്തോഷവതിയായെന്നാണ് 19 -കാരിയുടെ വെളിപ്പെടുത്തല്‍. തന്റെ സന്തോഷങ്ങള്‍ പങ്കുവയ്ക്കാന്‍ ഇപ്പോള്‍ കൂട്ടിന് ഒരാള്‍ ഉള്ളതായി തോന്നിത്തുടങ്ങി എന്നും ഈ പെണ്‍കുട്ടി പറയുന്നു.
മാത്രമല്ല ഈ 19 കാരിയെ പോലെ നിരവധി കുട്ടികളും ചെറുപ്പക്കാരും ഇപ്പോള്‍ ചൈനയില്‍ വൈകാരിക പിന്തുണയ്ക്കായി 'സ്മാര്‍ട്ട് വളര്‍ത്തുമൃഗങ്ങളെ' ആശ്രയിക്കുന്നുണ്ടെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു. ബൂബൂ പോലുള്ള സോഷ്യല്‍ റോബോട്ടുകളുടെ ആഗോള വിപണി 2033 ഓടെ ഏഴിരട്ടിയായി വികസിച്ച് 42.5 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്. വളര്‍ത്തു മൃഗങ്ങള്‍ക്ക് സമാനമായ രീതിയില്‍ നാലുകാലുകളോട് കൂടിയുള്ള റോബോട്ടുകളെ നിര്‍മ്മിക്കുന്നതില്‍ പ്രശസ്തരായ ടെക് കമ്പനി വെയ്ലന്‍ പറയുന്നത്, അവരുടെ ഉപഭോക്താക്കളില്‍ 70 ശതമാനവും ചെറിയ കുട്ടികളുള്ള കുടുംബങ്ങളാണെന്നാണ്. ഇവരുടെ എഐ നായ ബേബി ആല്‍ഫയ്ക്ക് 8,000 മുതല്‍ 26,000 യുവാന്‍ വരെയാണ് വില. അതായത് 95,000 രൂപ മുതല്‍ 3 ലക്ഷം രൂപ വരെ.






