
ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയില്‍ നിന്ന് നടത്തിയ എന്‍വിഎസ്- 02 ന്റെ വിക്ഷേപണം വിജയം. ഗതിനിര്‍ണയ ഉപഗ്രഹമായ ജിഎസ്എല്‍വിഎഫ്15 എന്‍വിഎസ് 02 രാവിലെ 6.23 ന് സതീഷ് ധവാന് സ്പേസ് റിസര്‍ച്ച് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് കുതിച്ചുയര്‍ന്നത്. ഈ വിക്ഷേപണത്തോടെ ഐഎസ്ആര്‍ഒ സതീഷ് ധവാന് സ്പേസ് റിസര്‍ച്ച് സെന്റര്‍ അടിച്ചത് സെഞ്ച്വറി വിക്ഷേപണമാണ്.
ഐ എസ് ആര് ഒ ചെയര്‍മാനായി വി നാരായണന് ചുമതലയേറ്റതിന് ശേഷമുളള ആദ്യ വിക്ഷേപണം കൂടിയാണിത്. വിക്ഷേപണം നടന്ന് 19 മിനുട്ടില്‍ ഉപഗ്രഹത്തെ നിര്‍ണായക ഭ്രമണപഥത്തിലെത്തിച്ചു. 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 322.93 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. ജിപിഎസിനു സമാനമായി സ്റ്റാന്‍ഡേഡ് പൊസിഷന്‍ സര്‍വീസ് സേവനം ലഭ്യമാക്കുന്നത് നാവിക് ആണ്. രാജ്യവും അതിര്‍ത്തിയില്‍നിന്ന് 1,500 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും പരിധിയില്‍ വരും.
എന്‍വിഎസ്- 01 കഴിഞ്ഞ വര്‍ഷം മേയില്‍ വിക്ഷേപിച്ചിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നുള്ള നൂറാം വിക്ഷേപണം ആണ് ഇത്. 1979ലാണ് ഇവിടെ നിന്നുള്ള ആദ്യ വിക്ഷേപണം ഐഎസ്ആഒ നടത്തിയത്. ആദ്യ വിക്ഷേപണം ബംഗാള്‍ ഉള്‍ക്കടലില്‍ അസ്തമിച്ചതിന് പിന്നാലെ എസ്എല്‍വി-3, എഎസ്എല്‍വി വിക്ഷേപണങ്ങള്‍ നാല്, പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ 62, ജിഎസ്എല്‍വി വിക്ഷേപണങ്ങള്‍ 17, എല്‍വിഎം-3 വിക്ഷേപണങ്ങള്‍ ഏഴ്, എസ്എസ്എല്‍വി വിക്ഷേപണങ്ങള്‍ മൂന്ന്, ആര്‍എല്‍വി ഹെക്സ്, ടെസ്റ്റ് വെഹിക്കിള്‍ (ടിവി ഡി1) പാറ്റ് വിക്ഷേപണങ്ങള്‍ ഒരോന്ന് എന്നിങ്ങനെയാണ് ശ്രീഹരിക്കോട്ടയില്‍ വിജയം നേടിയത്.






