
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയുടേയും അമ്മാവന്റെയും ഫോണ്‍ പരിശോധിക്കും. ഇരുവരും തമ്മില്‍ നടത്തിയ ചാറ്റുകള്‍ വീണ്ടെടുക്കുന്നതിനായി ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കും. തലേദിവസം നടത്തിയ ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. കുഞ്ഞിന്റെ മാതാവ് ശ്രീതുവിനെ ഇന്നും പോലീസ് ചോദ്യം ചെയ്യലിന് വിധേയമാക്കും.
കൊലപാതകത്തില്‍ ശ്രീതുവിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യല്‍. കൊലപാതകത്തില്‍ ശ്രീതുവിന് എതിരെയുള്ള തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല. കുഞ്ഞിനെ കൊലപ്പെടുത്താന്‍ പ്രതിക്ക് ശ്രീതുവിന്റെ സഹായം ലഭിച്ചതായും സൂചനയുണ്ട്. ശ്രീതുവിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് സഹോദരന് ഹരികുമാറുമായുള്ള ചാറ്റുകളില്‍ നിന്ന് വിവരം ലഭിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
കുട്ടിയുടെ മുത്തശി ശ്രീകലയേയും അച്ഛന് ശ്രീജിത്തിനേയും ചോദ്യം ചെയ്യലില്‍ നിരപരാധികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് വിട്ടയച്ചു. അച്ഛനൊപ്പമായിരുന്നു കുട്ടിയെ ഉറക്കാന്‍ കിടത്തിയതെന്നാണ് ശ്രീതു നല്കിയ മൊഴി. അമ്മയ്ക്കൊപ്പമായിരുന്നു കുട്ടിയെ കിടത്തിയതെന്ന് കുഞ്ഞിന്റെ പിതാവും മൊഴി നല്കി. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
ചോദ്യം ചെയ്യലില്‍ അമ്മാവന് ഹരികുമാര്‍ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്നതാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ദേവേന്ദുവിന്റെ പോസ്റ്റ്മോര്‍ട്ടത്തില്‍ ശ്വാസകോശത്തില്‍ വെള്ളം കയറിയ നിലയിലാണെന്ന് കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ മറ്റ് മുറിവുകളില്ലെന്നും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിന്റേത് മുങ്ങിമരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിനെ ജീവനോടെയാണ് കിണറ്റില്‍ എറിഞ്ഞതെന്ന് തെളിഞ്ഞിരുന്നു.






