
ന്യൂഡല്‍ഹി: ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന് മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ധനകാര്യ മന്ത്രിയുടെ ബജറ്റ് പ്രസംഗം. റെയില്‍വേ ബജറ്റും ഇതിന്റെ ഭാഗമാണ്. തുടര്‍ച്ചയായ എട്ടാം ബജറ്റാണ് നിര്മ്മലാസീതാരാമന് അവതരിപ്പിക്കുന്നത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കെ ബജറ്റിന് പ്രാധാന്യമേറും.
പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മാ നിരക്കിനും കടിഞ്ഞാണിടഡാന് ആവശ്യമായ നടപടികള്‍ ബജറ്റിലുണ്ടാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആദായനികുതി ഇളവുകളിലാണ് ഇടത്തരക്കാരുടെ കണ്ണ്. ഇടത്തരക്കാര്‍ക്കും പിന്നാക്ക വിഭാഗത്തിനും പരിഗണന നല്കുന്ന ബജറ്റായിരിക്കും ഇതെന്ന സൂചനയായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നല്‍കിയത്. മദ്ധ്യവര്‍ത്തി സമൂഹത്തെ പല തവണ പ്രസംഗത്തില്‍ രാഷ്ട്രപതി എടുത്തുപറയുന്നത് രാജ്യം കേട്ടിരുന്നു.
ബജറ്റില്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആശ്വാസമാകുന്ന പാക്കേജ് പ്രഖ്യാപിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഫെബ്രുവരി 5 ന് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യവും കണക്കാക്കിയേക്കും. നികുതിയിളവുകളില്‍ കച്ചവടക്കാരും ഇടത്തരക്കാരും പ്രതീക്ഷ വെയ്ക്കുമ്പോള്‍ ലോണുകളിലും മറ്റും പലിശയിളവ് വേണമെന്ന ആവശ്യം പലകോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
ആദായ നികുതി സ്ലാബുകളിലെ മാറ്റങ്ങള്‍, ദമ്പതികള്‍ക്ക് സംയുക്തമായി ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാവുന്ന പുതിയ രീതി ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട് ഓഫ് ഇന്ത്യ ഇക്കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ വെച്ചിട്ടുണ്ട്.






