
ന്യൂഡല്‍ഹി: : വിഴിഞ്ഞം അനങ്ങിയത് മോദി വന്നതിന് ശേഷമാണെന്നും മോദി ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടാണ് കേരളത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്. അര്‍ഹമായത് കിട്ടുമെന്നും പിച്ചച്ചട്ടിയുമായി വരേണ്ടെന്നും കേരളത്തിന്റെ കപടത നിരന്തരം തുറന്ന് കാട്ടുമെന്നും പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ പരിഗണന കേരളത്തിന് കേന്ദ്രം നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു.
ഏത് വികസന പ്രവര്‍ത്തനത്തിനാണ് കേരളം സ്വന്തം നിലക്ക് പണം കണ്ടെത്തുന്നതെന്നും സാമ്പത്തിക, വിദ്യാഭ്യാസമടക്കം മേഖലകള്‍ തകര്‍ന്നുവെന്ന് കേരളം സമ്മതിക്കണമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടേത് അല്ലാത്ത ഒരു വികസന പ്രവര്‍ത്തനവും കേരളത്തില്‍ നടക്കുന്നില്ല. എല്ലാ പദ്ധതികള്‍ക്കും കേന്ദ്രം പണം നല്‍കുന്നുണ്ട്. എന്നിട്ടും മോദിക്ക് ക്രെഡിറ്റ് കൊടുക്കാന്‍ തയ്യാറുമല്ല എപ്പോഴും കുറ്റം പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യണം. മോദി കൊടുക്കുന്നതല്ലാതെ എന്താണ് കേരളത്തിലുള്ളതെന്നും ജോര്‍ജ് കുര്യന് ചോദിച്ചു.
കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന പതിവ് പല്ലവി തകര്‍ക്കും. പിന്നാക്കാവസ്ഥയുണ്ടെങ്കില്‍ ഫിനാന്‍സ് കമ്മീഷനെയാണ് സമീപിക്കേണ്ടത്. ഫിനാന്‍സ് കമ്മീഷനോട് സത്യം പറയണം. സാമ്പത്തിക സ്ഥിതിയെ കുറിച്ച് തുറന്ന് പറയണം താനും ഒപ്പം നില്ക്കാം. കേരളം വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാമതെത്താന്‍ കഴിഞ്ഞത് മോദിയുടെ സഹായം കൊണ്ടാണെന്നും ജോര്‍ജ്ജ് കുര്യന് പറഞ്ഞു.






