
മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ കഷ്ടപ്പാടും ബുദ്ധിമുട്ടും സഹിച്ച് പോരാടിയവര്‍ ഏറെയാണ്. അക്കൂട്ടത്തില്‍ എടുത്തു പറയാവുന്ന ഒരു താരമാണ് യുവതാരങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായ വിഷ്ണു ഉണ്ണിക്കൃഷ്ണന്. സിനിമയിൽ അഭിനയിക്കുന്നത് സ്വപ്നം കണ്ടു തിരക്കഥ എഴുതി തുടങ്ങിയതാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ കരിയര്‍. സുഹൃത്തായ ബിബിന്‍ ജോര്‍ജിനൊപ്പം തിരക്കഥ എഴുതി തുടങ്ങിയ ഇവര്‍ ഒരുപാട് തിരസ്കാരങ്ങൾക്ക് ശേഷമാണ് ആ സ്വപ്നം നേടിയെടുത്തത്.
കട്ടപ്പനയിലെ ഋതിക് റോഷനിലൂടെയാണ് വിഷ്ണു ആദ്യം നായകവേഷത്തില്‍ തിളങ്ങിയത്. ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരു കുടുംബത്തിലാണ് ജനിച്ച വിഷ്ണുവിന്റെ സ്വപ്നം എന്നും സിനിമ തന്നെയായിരുന്നു. ബാലതാരമായി അഭിനയജീവിതം തുടങ്ങിയ വിഷ്ണു ഇന്ന് മലയാള സിനിമയില്‍ എടുത്തു പറയാവുന്ന നായകന്മാരില് മുന്‍പന്തിയില്‍ തന്നെയാണിപ്പോള്‍.
ഇപ്പോഴിതാ തന്റെ കരിയറിലെ ആദ്യ ചിത്രമായ ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമാ സെറ്റില്‍ വച്ച് സംവിധായകന് സിബി മലയില്‍ തന്നെ അനുമോദിച്ച ഓര്‍മ്മ പങ്കിടുകയാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്. താൻ അവതരിപ്പിക്കേണ്ടിയിരുന്ന കഥാപാത്രത്തിന് മറ്റൊരാളെ നേരത്തെ ഉറപ്പിച്ചിരുന്നെന്നും പിന്നീട് ആരെങ്കിലും ഒരാള്‍ പറയേണ്ട ഡയലോഗ് വന്നപ്പോളാണ് അഭിനയിക്കാൻ അവസരം കിട്ടിയതെന്നും വിഷ്ണു പറയുന്നു. ആദ്യ സീൻ ഒറ്റ ടേക്കില്‍ ഓക്കേ ആയപ്പോള്‍ സിബി മലയില്‍ സാർ തനിക്ക് കൈ തന്നെന്നും ഒരുപാട് നാഷണല്‍ അവാർഡുകള്‍ മലയാളത്തിലെത്തിച്ച സിബി മലയില്‍ സാറിന്റെ ഷേക്ക് ഹാൻഡ് തനിക്ക് നാഷണല്‍ അവാർഡായിരുന്നു എന്നും വിഷ്ണു ഉണ്ണിക്കൃഷ്ണന് പറയുന്നു.
‘‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയില്‍ നിഷാദ് ഖാനാണ് എന്നെ എത്തിക്കുന്നത്. ആ സമയത്ത് ഞാൻ മിമിക്രി ചെയ്യുമായിരുന്നു. സിബി സാറിന്റെ സിനിമയില്‍ അസിസ്റ്റന്റ് ആവുന്ന സമയത്താണ് നിഷാദ് ഖാൻ വിളിപ്പിക്കുന്നത്. ഞാൻ സെറ്റില്‍ എത്തിയപ്പോള്‍ എനിക്ക് വെച്ചിരുന്ന കഥാപാത്രം മറ്റൊരാള്‍ക്ക് ഫിക്സ് ചെയ്തിരുന്നു. അവിടെ കൂട്ടത്തില്‍ നിന്നോളാൻ നിഷാദിക്ക പറഞ്ഞു. ബാക്കിയുള്ള കുട്ടികളുടെ കൂട്ടത്തില്‍ എന്നെയും മുടി പറ്റെ വെട്ടിച്ചു. ജുവനൈല്‍ ഹോമിലെ സീനായിരുന്നു അവിടെ. എന്റെ ലുക്കും അതിനു യോജിക്കുന്നതായി. ഇടയ്ക്ക് ആരോ ഒരാള്‍ പറയേണ്ട ഒരു ഡയലോഗ് വന്നപ്പോള്‍ ആര് പറയുമെന്ന് ചോദിച്ചു. നിഷാദിക്ക ഓടി വന്ന് എന്നോട് പറയില്ലേ എന്ന് ചോദിച്ചു. നിഷാദിക്കയാണ് ആദ്യമായി എനിക്ക് സംഭവം പറഞ്ഞു തരുന്നത്. ടി എസ് രാജുവിന്റെ കഥാപാത്രം ഒരു കുട്ടിയെ തല്ലുന്നതായിരുന്നു സീൻ.
റിഹേഴ്സല്‍ കഴിഞ്ഞപ്പോള്‍ തന്നെ സാറിന് ഇഷ്ടമായി. അന്ന് ഫിലിമിലാണ് ഷൂട്ട് ചെയ്യുന്നത്. ഫസ്റ്റ് ടേക്ക് ഓക്കേ ആക്കുന്നത് വലിയ കാര്യമാണ്. അങ്ങനെ ടേക്ക് എടുത്തപ്പോള്‍ ഞാൻ കരഞ്ഞ് ടേക്ക് ഓക്കേ ആയി. അപ്പോള്‍ സിബി മലയില്‍ സാർ എണീറ്റ് വന്ന് എനിക്കൊരു കൈ തന്നു. അപ്പോള്‍ തന്നെ സെറ്റിലെ എല്ലാവരും കൈ അടിച്ചു. ഒരുപാട് നാഷണല്‍ അവാർഡുകള്‍ മലയാളത്തില്‍ കൊണ്ടുവന്നിട്ടുള്ള ആളാണ് സിബി സാർ. അദ്ദേഹത്തിന്റെ ഷേക്ക് ഹാൻഡ് കിട്ടിയപ്പോള്‍ എനിക്കും നാഷണല്‍ അവാർഡ് കിട്ടിയതുപോലെയായി...’’ വിഷ്ണു ഉണ്ണിക്കൃഷ്ണന് പറയുന്നു.






