
ചൈനയിലെ ഷാങ്ഹായിൽ 680 രൂപയ്ക്ക് വേണ്ടി ഒരു കൗമാരക്കാരി അമ്മയുടെ കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ചു വിറ്റു. ലിപ് സ്റ്റഡുകളും കമ്മലുകളും വാങ്ങുന്നതിനായാണ് ഈ പെൺകുട്ടി അമ്മയുടെ ഒരു മില്യൺ യുവാൻ (1.16 കോടി രൂപ) വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ച് വിറ്റത്.
പെൺകുട്ടിയുടെ അമ്മ, വാങ് മോഷണം നടന്നതായി പുട്ടുവോ പബ്ലിക് സെക്യൂരിറ്റി ബ്യൂറോയിലെ വാൻലി പോലീസ് സ്റ്റേഷനിൽ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ലി എന്നു പേരുള്ള തന്റെ മകൾ, താൻ അറിയാതെ ജെയ്ഡ് വളകൾ, മാലകൾ, രത്നക്കഷണങ്ങൾ എന്നിവയുൾപ്പെടെ ഉയർന്ന വിലയുള്ള ആഭരണങ്ങൾ വ്യാജ വസ്തുക്കളാണെന്ന് തെറ്റിദ്ധരിച്ച് വിറ്റതായാണ് വാങ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
തന്നോട് 60 യുവാൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ താൻ അറിയാതെ ആ പണത്തിനായി ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നുമാണ് വാങ്ങ് പരാതിയിൽ പറയുന്നത്. അമ്മയുടെ പരാതിയിൽ കേസെടുത്ത പോലീസ് ലീ സാധനങ്ങൾ വിൽപ്പന നടത്തിയ കടയിൽ നിന്നും ആഭരണങ്ങൾ പിടിച്ചെടുത്തു.






