
റായ്പൂരില്‍ നടന്ന ഒരു അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
അമിത വേഗത്തില്‍ വന്ന കാര്‍ സ്കൂട്ടറില്‍ പോവുകയായിരുന്ന മൂന്നുപേരെ ഇടിച്ചിടുന്നതിന്റെ ദൃശ്യങ്ങളാണിത്. കാറില്‍ സഞ്ചരിച്ചിരുന്നത് ഒരു അഭിഭാഷകനും ടൂറിസ്റ്റ് വിസയില്‍ എത്തിയ ഒരു റഷ്യന്‍ യുവതിയുമാണ്. സംഭവത്തില്‍ സ്കൂട്ടര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
റഷ്യന്‍ യുവതിയും യുവാവും നന്നായി മദ്യപിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നല്ല വേഗത്തിലാണ് കാര്‍ വന്നത്. പിന്നാലെ സ്കൂട്ടറില്‍ ചെന്ന് ഇടിക്കുകയായിരുന്നു. സ്കൂട്ടറില്‍ ഇടിക്കുന്നതിന് മുമ്പ് യുവതി യുവാവിന്റെ മടിയിലിരിക്കുകയായിരുന്നു, അതിനാല്‍ യുവാവിന് റോഡ് കാണാന്‍ ബുദ്ധിമുട്ടായിരുന്നു എന്നും ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ സ്കൂട്ടറിലുണ്ടായിരുന്ന യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നാലെ പോലീസും സംഭവസ്ഥലത്തെത്തി.
ഇവിടെ നിന്നും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ റഷ്യക്കാരിയായ യുവതി പോലീസിനോട് കയര്‍ക്കുന്നത് കാണാം. അവര്‍ പോലീസിനോടൊപ്പം സ്റ്റേഷനിലേക്ക് പോകാന്‍ തയ്യാറായിരുന്നില്ല. പോലീസ് തങ്ങളോട് സഹകരിക്കാന്‍ പറയുന്നുണ്ട്. അതിനിടയില്‍ വനിതാ കോണ്‍സ്റ്റബിളുമായി എത്തി യുവതിയെ കൊണ്ടുപോകാന്‍ ആരോ പറയുന്നതും കേള്‍ക്കാം.
'തന്റെ ഫോണ്‍ തരൂ' എന്നും യുവതി പറയുന്നുണ്ട്. പിന്നാലെ കരയുകയും ബഹളം വയ്ക്കുകയും ചെയ്യുന്നുണ്ട്. നന്നായി മദ്യപിച്ച ഇവരെ അനുനയിപ്പിക്കാന്‍ കൂടെയുണ്ടായിരുന്നതാണെന്ന് കരുതുന്ന വക്കീലും ശ്രമിക്കുന്നതും കാണാം. സംഭവസ്ഥലത്ത് ഒരുപാട് ആളുകള്‍ തടിച്ചു കൂടിയിട്ടുണ്ട്.
റഷ്യന്‍ യുവതി ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത് എന്നാണ് കരുതുന്നത്. പിന്നീട്, കാറോടിച്ചിരുന്ന യുവാവിനെയും റഷ്യന്‍ യുവതിയേയും കസ്റ്റഡിയില്‍ എടുത്തു. തെലിബന്ധ പോലീസിന്റെ അധികാര പരിധിയിലാണ് അപകടം നടന്നത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.






