
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അറസ്റ്റിലേക്ക്. ജാമിയ നഗറില്‍ പോലീസ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിന് നേതൃത്വം നല്‍കിയെന്ന് ആരോപണത്തില്‍ കുരുങ്ങിയ ആം ആദ്മി പാര്‍ട്ടി നേതാവ് അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലീസ് ഇന്ന് രാവിലെ ഒന്നിലധികം റെയ്ഡുകള്‍ നടത്തി.
അടുത്തിടെ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓഖ്ല മണ്ഡലത്തില്‍ ബിജെപിയുടെ മനീഷ് ചൗധരിയെ പരാജയപ്പെടുത്തി വിജയം നേടിയാളാണ് ഖാന്. കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് ജാമിയ നഗര്‍, സൗത്ത് ഈസ്റ്റ് ജില്ലാ പോലീസ് സ്റ്റേഷനുകളുടെയും ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ചിന്റെയും സംയുക്ത ഓപ്പറേഷന് ആരംഭിച്ചത്. കൊലപാതകശ്രമക്കേസിലെ പ്രതിയായ ഷബാസ് ഖാനെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് മൂന്ന് തവണ എം.എല്‍.എ ആയിരുന്ന ഖാനായിരുന്നെന്ന് പോലീസ് പറഞ്ഞു.
എഎപി എംഎല്‍എയുടെ അനുയായികള്‍ പൊലീസ് സംഘവുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഷബാസ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അമാനത്തുള്ള ഖാനെതിരെ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കേസാണ് ഇത്. നേരത്തേ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) ലംഘിച്ചുവെന്നാരോപിച്ച് അമാനത്തുള്ള ഖാനെതിരെ കഴിഞ്ഞയാഴ്ച കേസെടുത്തിരുന്നു.
ചൊവ്വാഴ്ച രാത്രി സക്കീര്‍ നഗറില്‍ 100-ലധികം അനുയായികള്‍ക്കൊപ്പം പ്രചാരണം നടത്തിയതിനാണ് കേസെടുത്തത്. പൊതുപ്രവര്‍ത്തകര്‍ നല്കിയ ഉത്തരവുകള്‍ അനുസരിക്കാത്തതിനുള്ള ശിക്ഷ കൈകാര്യം ചെയ്യുന്ന ഭാരതീയ ന്യായ സന്ഹിത (ബിഎന്‍എസ്) സെക്ഷന്‍ 223 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളുള്ള ഡല്‍ഹി എംഎല്‍എമാരില്‍ ഒരാളാണ് ഖാന്.






