
കോട്ടയം: മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ അയഞ്ഞ സമീപനം ഉപേക്ഷിച്ചു നിലപാടു കടുപ്പിക്കാന്‍ ക്രൈസ്തവ സഭകള്‍.
പാലക്കാട്ടു ബ്രുവറി അനുവദിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയതോടെയാണു ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റും കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള കെ.സി.ബി.സിയും ഉള്‍പ്പെടെയുള്ള ക്രൈസ്തവ വിഭാഗങ്ങള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു രംഗത്തുവന്നത്.
ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് 29 ബാറുകളാണ് സംസ്ഥാനത്താകെ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇന്നു ബാറുകളുടെ എണ്ണം ആയിരത്തിനു മുകളിലാണ്. യു.ഡി.എഫ്. സര്‍ക്കാര്‍ പൂട്ടിയ 282 ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയായിരുന്നു ഇടതു സര്‍ക്കാരിന്റെ ആദ്യ മദ്യനയം പ്രഖ്യാപിച്ചത്. ത്രീ സ്റ്റാര്‍ ലൈസന്‍സുള്ള ആര്‍ക്കും ബാര്‍ ലൈസന്‍സ് കിട്ടുന്ന സാഹചര്യമാണുള്ളത്. ബാറുകളുടെ പ്രവര്‍ത്തന സമയവും വര്‍ധിപ്പിച്ചു.
ഇത്രയേറെ ബാറുകള്‍ തുറന്നിട്ടും പേരിനുമാത്രം പ്രതിഷേധമായിരുന്നു തുടക്കം മുതല്‍ ക്രൈസ്തവ സഭകള്‍ ഉയര്‍ത്തിയിരുന്നത്. സംസ്ഥാനത്ത് എഴുപതിലേറെ ബിയര്‍ പാര്‍ലറുകള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ബ്രുവറി തുടങ്ങുന്നതിരേ നിയമനടപടി സ്വീകരിക്കാനാണു സഭകളുടെ തീരുമാനം. സമാന ചിന്താഗതിയുള്ള സമുദായങ്ങളുമായി യോജിച്ച പ്രക്ഷോഭവും നടത്തും.
ഇതിന്റെ ഭാഗമായാണ്, കഴിഞ്ഞ ദിവസം മാരാമണ്‍ കണ്വന്ഷന് ഉദ്്ഘാടനം ചെയ്യവെ മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ: തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ ആഞ്ഞടിച്ചത്. മദ്യത്തില്‍ മുങ്ങിയ കേരളത്തെ, പാലക്കാട്ടു ബ്രുവറി തുടങ്ങാനുള്ള സര്‍ക്കാരിന്റെ നീക്കം സര്‍വനാശത്തിലേക്കു നയിക്കുമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.
മദ്യനയത്തിനു പുറമേ കാര്‍ഷിക മേഖലയോടുള്ള സര്‍ക്കാര്‍ സമീപനത്തിലും ക്രൈസ്തവ സഭകള്‍ കടുത്ത അമര്‍ഷത്തിലാണ്. കര്‍ഷകരോടു ചിറ്റമ്മ നയമാണു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണു സഭകളുടെ ആക്ഷേപം. കര്‍ഷകരെ ഇടതു സര്‍ക്കാര്‍ മാനിക്കുന്നില്ലെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സംസ്ഥാന ബജറ്റില്‍ ഭൂ നികുതി വര്‍ധിപ്പിച്ചത് എന്നും തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മലയോര കര്‍ഷകരെ സര്‍ക്കാര്‍ ചേര്ത്തുപിടിക്കുന്നില്ലെന്നും ബിഷപ് പാംപ്ലാനി വിമര്‍ശിച്ചിരുന്നു.
ഇതേ വികാരമാണു ചങ്ങനാശേരി അതിരൂപതയും ഉന്നയിച്ചത്. കര്‍ഷകരെ സഹായിക്കുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല, ക്രിസ്തീയ സമൂഹത്തിന് അര്‍ഹമായ ന്യൂനപക്ഷ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു, ക്രൈസ്തവരുടെ പ്രധാന ദിവസങ്ങളെ സര്‍ക്കാര്‍ പ്രവൃത്തിദിനമാക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ കഴിഞ്ഞ ഒന്പതിനു ചങ്ങനാശേരി രൂപതയുടെ കീഴിലുള്ള പള്ളികളില്‍ വായിച്ച സര്‍ക്കലറില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ഈ മാസം 15-നു കുട്ടനാട്ടില്‍നിന്നു ചങ്ങനാശേരി അതിരൂപത ആസ്ഥാനത്തേക്ക് 'നസ്രാണി മുന്നേറ്റ യാത്ര' നടത്തുമെന്നും ആര്‍ച്ച് ബിഷപ് തോമസ് തറയില്‍ വ്യക്തമാക്കി. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍നിന്നു ജനങ്ങളെ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.






