
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വൈറലായ ഒരു വീഡിയോയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹസ്തതദാനം ചെയ്യാതെ ഒഴിഞ്ഞുമാറുന്നത്. പാരീസില്‍ നടന്ന എ.ഐ ആക്ഷൻ ഉച്ചകോടിക്കിടെയായിരുന്നു സംഭവം. മോദിയുടെ ഇടത്തും വലത്തും പിന്നിലുമുള്ള എല്ലാ ലോകനേതാക്കള്‍ക്കും ഹസ്തദാനം ചെയ്ത മാക്രോണ്‍, തനിക്കു നേരെ കൈ നീട്ടിയ മോദിയെ കാണാത്ത മട്ടില്‍ അടുത്തയാള്‍ക്ക് കൈകൊടുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മോദിക്കിത് വല്ലാത്തൊരു ചമ്മലായി മാറി, അതോടെ ചമ്മല്‍മാറ്റാൻ മോദി ആളുകള്‍ക്ക് നേരെ കൈ വീശുന്നതും കാണാം. പിന്നാലെ സമീപത്തിരുന്ന വനിത മോദിക്ക് കൈ കൊടുത്തു.
ഇതില്‍ മാക്രോണിന്റെ വംശീയ ബോധത്തെ എതിർത്തും മോദിയെ പരിഹസിച്ചും നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ‘വലത് വംശീയവാദ ബോധ്യങ്ങള്‍ക്ക് അതിന്റെ കൂടെപ്പിറപ്പുകളെന്നോ സഹയാത്രികരെന്നൊ ഉള്ള ഒരു വിവേചനവും കാണില്ല. മി. മോദി ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍ താങ്കളെ അവഗണിക്കുന്നതിന് പിന്നിലെ രാഷ്ട്രീയമാണത്...’’എന്നാണ് വിഡിയോ പങ്കുവെച്ച് സാമൂഹിക പ്രവർത്തകൻ കെ. സഹദേവൻ കുറിച്ചത്.
Sorry not sorry: French President Emmanuel Macron greeted world leaders but did not shake hands with Indian PM Narendra Modi, despite Modi’s attempts at the Paris AI Summit. pic.twitter.com/a5S2PMoUTo
— Clash Report (@clashreport) February 11, 2025
എന്നാല്‍ വേദിയിലെത്തും മുമ്പ് മോദിയും മാക്രോണും ഹസ്തദാനം ചെയ്യുകയും ആശ്ലേഷിക്കുകയും ചെയ്തിരുന്നു എന്ന് ഫോട്ടോകളും വിഡിയോകളും പങ്കുവെച്ച് മറ്റു ചിലര്‍ മറുപടി നല്‍കുന്നുണ്ട്. രണ്ട് നേതാക്കളും നേരത്തെ ഹസ്തദാനം നടത്തിയിരുന്നുവെന്നും ഒരുമിച്ച് കോണ്‍ഫറൻസ് ഹാളില്‍ പ്രവേശിച്ച് മറ്റ് വിശിഷ്ട വ്യക്തികളുമായി ഇടപഴകിയിരുന്നുവെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. തിങ്കളാഴ്ച പാരീസില്‍ എത്തിയതിനുപിന്നാലെ, മോദിയടക്കം മറ്റ് ലോക നേതാക്കള്‍ക്ക് വേണ്ടി മാക്രോണ്‍ അത്താഴവിരുന്നു സംഘടിപ്പിച്ചിരുന്നു. ഈ സമയത്ത് ഇരുവരും ആലിംഗനം ചെയ്യുകയും സംഭാഷണം നടത്തുകയും ചെയ്തിരുന്നു. അതിന്റെ ദൃശ്യങ്ങളും പുറത്തു വരുന്നുണ്ട്.






