
വാഷിങ്ടണ്‍: മദ്ധ്യേഷ്യയിലെ സമാധാനം പൂര്‍ണ്ണതോതില്‍ ഔദ്യോഗികമാക്കിക്കൊണ്ട് അമേരിക്ക-ഇറാന്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിയ്ക്ക് ശേഷം വെര്‍സൈല്‍സ് കൊട്ടാരത്തില്‍ വെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം നടത്തിയ അത്താഴവിരുന്നില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും ട്രംപും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തിങ്കളാഴ്ചയാണ് യു.എസും ഇറാനും ഇടക്കാലസമാധാനക്കരാറില്‍ ഓണ്‍ലൈനായി ഒപ്പിട്ടത്. കരാര്‍ പ്രഖ്യാപനമുണ്ടായതിനുപിന്നാലെ നാവിക ഉപരോധം പിന്‍വലിക്കുകയാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. കരാര്‍ ഔദ്യോഗികമായി ഒപ്പിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു. കരാര്‍ ഒപ്പിടുമ്പോള്‍ ട്രംപിന് അരികിലിരുന്ന മാക്രോണും, ട്രംപിന് പിന്നില്‍ നിന്നിരുന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും മറ്റ് അതിഥികളും കൈയടിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
14 നിര്‍ദ്ദേശങ്ങളടങ്ങിയ യു.എസ്-ഇറാന്‍ കരാര്‍ പ്രകാരം ലെബനന്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ സൈനിക നടപടികള്‍ ഉടനടി അവസാനിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ 60 ദിവസത്തിനകം അന്തിമ കരാറിലെത്താന്‍ ഇരുരാജ്യങ്ങളും ബാധ്യസ്ഥരാണ്. യു.എസ് നാവിക ഉപരോധം പിന്‍വലിക്കല്‍, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതം, ഘട്ടം ഘട്ടമായുള്ള ഉപരോധ ഇളവുകള്‍, മരവിപ്പിച്ച ഇറാന്റെ ആസ്തികള്‍ വിട്ടുനല്‍കല്‍, ഇറാനായി യു.എസ് പിന്തുണയോടെയുള്ള കുറഞ്ഞത് 300 ബില്യണ്‍ യു.എസ് ഡോളര്‍ മൂല്യമുള്ള സാമ്പത്തിക വികസന പദ്ധതി എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
ആണവായുധങ്ങള്‍ നിര്‍മ്മിക്കുകയോ കൈവശപ്പെടുത്തുകയോ ഇല്ലെന്ന് ഇറാന്‍ ഉറപ്പുനല്‍കിയതായും, അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തെക്കുറിച്ച് ഭാവിയില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഈ ധാരണാപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. കരാര്‍ പ്രാബല്യത്തിലാകുന്നതോടെ ഇറാന്റെ എണ്ണ, പെട്രോകെമിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയ്ക്കുമേലേര്‍പ്പെടുത്തിയ ഉപരോധം യു.എസ്. ഇളവുചെയ്‌തേക്കും.






