
കോയമ്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് പരീക്ഷാർത്ഥിനി ആത്മഹത്യ ചെയ്തു. കോവൈപുതൂരിലെ പാർക്ക് ടൗൺ സ്വദേശിനിയായ അനുകീർത്തന (19) ആണ് മരിച്ചത്. വീണ്ടും നീറ്റ് പരീക്ഷ എഴുതേണ്ടിവരുമെന്ന ഭയം പ്രകടിപ്പിച്ച് ബന്ധുക്കൾക്ക് സന്ദേശം അയച്ചതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു.
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. അനുകീർത്തനയുടെ വാട്സ്ആപ്പ് സന്ദേശം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആശങ്കപ്പെട്ട ബന്ധുക്കൾ വീട്ടിലെത്തി. വാതിൽ തുറക്കാതിരുന്നതിനാൽ ബലം പ്രയോഗിച്ച് അകത്ത് കടന്നപ്പോഴാണ് വിഷം കഴിച്ച് അബോധാവസ്ഥയിൽ കിടന്നിരുന്ന അനുകീർത്തനയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് ശേഷം മരണം സംഭവിച്ചു.
ഡോക്ടറാകണമെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഒരു വർഷമായി അനുകീർത്തന നീറ്റ് പരിശീലനം നടത്തിവരികയായിരുന്നു. ഇത്തവണ പരീക്ഷ വിജയകരമായി എഴുതിയെന്നും മെഡിക്കൽ പ്രവേശനം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു കുടുംബം. ഇതിനിടെയാണ് ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് പരീക്ഷ റദ്ദാക്കുകയും പുനഃപരീക്ഷ പ്രഖ്യാപിക്കുകയും ചെയ്തത്. ഈ തീരുമാനം അനുകീർത്തനയെ മാനസികമായി തളർത്തിയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






