
തോക്ക് ചൂണ്ടി ഭീഷണിമുഴക്കി ബാങ്കില്‍ നിന്ന് പണം തട്ടുന്നത് കള്ളന്മാരുടെ സ്ഥിരം നമ്പറാണ്. സമാനമായ ഒരു സംഭവമാണ് ഇപ്പോള്‍ അങ്ങ് സൗത്ത് കൊറിയയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിലെ രസകരമായ വസ്തുത എന്തെന്നാല്‍ ബാങ്ക് കൊള്ളയടിക്കാനായി എത്തിയ കള്ളന് ജീവനക്കാരെ ഭീഷണിപ്പെടുത്താനായി ഉപയോഗിച്ചത് വെള്ളം ചീറ്റുന്ന ഒരു കളിത്തോക്കായിരുന്നു. കേള്‍ക്കുമ്പോള്‍ ചിരി വന്നേക്കാം, എങ്കിലും സംഗതി സത്യമാണ്.
ഫെബ്രുവരി 10 -നാണ് സൗത്ത് കൊറിയയിലെ ബുസാന്‍ ബാങ്കില്‍ കൊള്ളക്കാരന് എത്തിയത്. മുഖംമൂടി ധരിച്ചിരുന്ന ഇയാള്‍ തോക്ക് പോലെ തോന്നിക്കുന്ന ഒരു വസ്തു പുറത്തെടുത്തു. ഇത് ഒരു പ്ലാസ്റ്റിക് കവറിനുള്ളില്‍ പൊതിഞ്ഞ നിലയിലായിരുന്നു. സംഗതി തോക്കാണെന്ന് തന്നെ കരുതിയ ബാങ്ക് ജീവനക്കാര്‍ പരിഭ്രാന്തരായി. എല്ലാവരും മുട്ടുകുത്തി നില്ക്കാന് ബാങ്കില്‍ ഉണ്ടായിരുന്ന ജീവനക്കാരോടും ഇടപാടുകാരോടും ഇയാള്‍ ആവശ്യപ്പെട്ടു. ഭയന്നുപോയ എല്ലാവരും അയാളുടെ വാക്കുകള്‍ അക്ഷരംപ്രതി അനുസരിച്ചു.
തുടര്‍ന്ന് അയാള്‍ ബ്രാഞ്ച് മാനേജരുടെ മുറിയിലേക്ക് കയറാന്‍ ശ്രമിച്ചു. ഈ സമയം മുറിയില്‍ മറ്റൊരു ക്ലൈന്റിനോടൊപ്പം സംസാരിച്ചിരിക്കുകയായിരുന്ന മാനേജര്‍ പെട്ടെന്ന് വാതില്‍ പൂട്ടി. തുടര്‍ന്ന് പോലീസിനെ വിളിക്കുകയും ബാങ്കിന്റെ എമര്‍ജന്‍സി അലാറം അടിക്കുകയും ചെയ്തു. സംഗതി കൈവിട്ടു പോകുമെന്ന് തോന്നിയ കള്ളന് ഉടന്‍തന്നെ ക്യാഷ്യറുടെ നേരെ തിരിഞ്ഞ് തന്റെ ബാഗില്‍ പണം നിറയ്ക്കാന്‍ ആവശ്യപ്പെട്ടു.
ഈ സമയം ബാങ്കില്‍ ഉണ്ടായിരുന്ന ഒരു മുന്സുരക്ഷാസേനാ അംഗം ഇയാളെ പുറകില്‍ നിന്നും പിടികൂടുകയും അല്പനേരത്തെ സംഘട്ടനത്തിനുശേഷം ബാങ്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കൂടി സഹായത്തോടെ കള്ളനെ കീഴ്പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കള്ളന്റെ കൈയില്‍ ഉണ്ടായിരുന്ന ആയുധം ഇവര്‍ പിടിച്ചെടുത്തു പരിശോധിച്ചപ്പോഴാണ് മനസ്സിലാകുന്നത് കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന മുതലയുടെ തലയുള്ള ഒരു വാട്ടര്‍ ഗണ്‍ ആയിരുന്നു അത് എന്ന്.
ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ചിരി വരുന്നുണ്ടെങ്കിലും ആ സമയം അയാള്‍ പ്ലാസ്റ്റിക്ക് കവറിനുള്ളില്‍ പിടിച്ചിരുന്ന തോക്ക് ചൂണ്ടിയപ്പോള്‍ തങ്ങള്‍ ഭയന്ന് വിറച്ചുപോയി എന്നാണ് ബാങ്ക് ജീവനക്കാര്‍ പറയുന്നത്. ഏതായാലും കളിത്തോക്കുമായി എത്തിയ കള്ളനെ പോലീസ് പിടികൂടി.






