
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന സിനിമകള്‍ മാത്രമല്ല അഭിനയിക്കുന്ന സിനിമകള്‍ക്കും ആരാധകരേറെയാണ്. താരത്തിന്റെ സിനിമകളില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന എന്തെങ്കിലുമൊരു ഘടകമുണ്ടാകുമെന്നുള്ളത് ഇതുവരെയുള്ള സിനിമകളില്‍ നിന്ന് വ്യക്തമാണ്. താരത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് എം മോഹനന്റെ സംവിധാനത്തിലൊരുങ്ങിയ ‘ഒരു ജാതി ജാതകം’. തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുന് സിനിമയെ നിറഞ്ഞ കൈയടിയോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.
എന്നാല്‍ ഈ നല്ല അഭിപ്രായങ്ങള്‍ക്കിടയിലും എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയെ മോശമായ രീതിയിലാണ് സിനിമയില്‍ അവതരിപ്പിക്കുന്നതെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. ലൈംഗികന്യൂനപക്ഷങ്ങളെ മോശം പദങ്ങള്‍ ഉപയോഗിച്ച് വിശേഷിപ്പിക്കുന്നു എന്നതടക്കമായിരുന്നു വിമര്‍ശനങ്ങള്‍.
ഇപ്പോഴിതാ ഈ ചോദ്യത്തോട് സിനിമയിലെ ഒരു നായികയായ നിഖില വിമല്‍ പ്രതികരിച്ചിരിക്കുന്നതാണ് ശ്രദ്ധിക്കപ്പെടുന്നത്. അങ്ങനെയൊരു ന്യൂനപക്ഷത്തെ ശരിയായ നിലയില്‍ അവതരിപ്പിക്കാൻ കഴിഞ്ഞില്ലെങ്കില്‍ അത് പറയാതിരിക്കുകയല്ലേ വേണ്ടതെന്ന് താന്‍ ചോദിച്ചിരുന്നു എന്നാണ് താരം പറയുന്നത്.
‘‘ഒരു ജാതി ജാതകം’ സിനിമ മുഴുവനായി കണ്ടിട്ടില്ല. അപ്പോല്‍ അതെങ്ങനെയാണ് വന്നതെന്ന് ധാരണയില്ല. കഥ കേട്ട് അത് ചർച്ച ചെയ്തപ്പോള്‍ ഞാൻ ചോദിച്ചിരുന്നു, ‘അങ്ങനെയൊരു ന്യൂനപക്ഷത്തെ ശരിയായ നിലയില്‍ അവതരിപ്പിക്കാൻ കഴിഞ്ഞില്ലെങ്കില്‍ അത് പറയാതിരിക്കുകയല്ലേ വേണ്ടതെ’ന്ന്. പക്ഷേ അവർ പറഞ്ഞത്, 'ഇങ്ങനെയുള്ള ആളുകളും സമൂഹത്തിലുണ്ട്. ജയേഷിനെപ്പോലൊരു കഥാപാത്രം സമൂഹത്തിലുണ്ട്.
അയാളെപ്പോലൊരു പതിനായിരക്കണക്കിന് ആളുകളുണ്ട്. അയാള്‍ ഒരു മെയില്‍ ഷോവനിസ്റ്റാണ്. റിഗ്രസീവ് ചിന്തകളുള്ള ഒരു മനുഷ്യനാണ്. അയാള്‍ക്കൊരു മാറ്റം വരുന്നെന്ന് പറയുന്നതാണ് ആ സിനിമ അഡ്രസ് ചെയ്യുന്നത്. അപ്പോള്‍ ആദ്യം ഇത്തരത്തിലുള്ള കാര്യങ്ങള്‍ കാണിക്കാതെ അയാള്‍ക്കൊരു മാറ്റം വന്നെന്ന് പറയാനാവില്ല' എന്നാണ്. സിനിമ കാണാത്തതുകൊണ്ട് അത് ആള്‍ക്കാരിലേക്ക് പോയതെങ്ങനെയാണെന്നറിയില്ല....’’ നിഖില പറയുന്നു.
വിനീത് ശ്രീനിവാസൻ, നിഖില വിമല്‍ എന്നിവർക്കൊപ്പം കയാദു ലോഹർ, ഇഷ തല്‍വാർ, പൂജ മോഹൻരാജ്, സയനോര, മൃദുല്‍ നായർ, ബാബു ആന്റണി, പിപി കുഞ്ഞികൃഷ്ണൻ തുടങ്ങിയ വലിയൊരു താരനിര തന്നെ ഒരു ജാതി ജാതകത്തിലുണ്ട്. എം മോഹനന് സംവിധാനം ചെയ്യുന്ന ആറാമത്തെ സിനിമയാണിത്. 2018ല്‍ പുറത്തിറങ്ങിയ അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷമുള്ള സിനിമയാണിത്. ഈ സിനിമയും വിനീത് ശ്രീനിവാസൻ - നിഖില വിമല്‍ കൂട്ടുകെട്ടിലാണ് പുറത്തിറങ്ങിയത്.






