
രാജസ്ഥാനില്‍ നിന്നും പുറത്തുവരുന്ന ഒരു പെരുമ്പാമ്പിന്റെ ആക്രമണം സംബന്ധിച്ച വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഭീതി സൃഷ്ടിക്കുന്നത്. ഒരു പെരുമ്പാമ്പ് ഒരു പശുക്കുട്ടിയെ മുഴുവനായി വിഴുങ്ങുകയും അധികം വൈകാതെ അതിനെ പുറത്തോട്ട് ഛര്‍ദ്ദിക്കുകയും ചെയ്തിരിക്കുകയാണ്. പുറത്തോട്ട് ഛര്‍ദ്ദിച്ചെങ്കിലും പശുക്കുട്ടിയുടെ ജീവന് നഷ്ടമായി. മരിച്ച് കിടക്കുന്ന പശുക്കുട്ടിയുടെ അടുത്ത് നിന്നും മാറാത്ത തള്ളപ്പശുവിനെയാണ് വീട്ടുമസ്ഥന് ആദ്യം കണ്ടത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പശുക്കുട്ടിയെ പെരുമ്പാമ്പ് പിടിച്ചതാണെന്ന് കണ്ടെത്തിയത്.
രാജസ്ഥാനിലെ രാജ്സമന്ദ് മേവാര്‍ ജില്ലയിലെ അമേത് പട്ടണത്തിലാണ് സംഭവം. ഇവിടുത്തെ ഗ്രാമവാസികള്‍ ഇപ്പോള്‍ വലിയ ഭീതിയിലാണ് കഴിയുന്നത്. കാരണം, കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ ഗ്രാമത്തില്‍ കണ്ടെത്തിയത് അഞ്ചില്‍ അധികം പെരുമ്പാമ്പുകളെയാണെന്നത് തന്നെ. ഇതിനോടകം തന്നെ നിരവധി കന്നുകാലികളെ പാമ്പുകള്‍ ഇരയാക്കി കഴിഞ്ഞു. ഇതുവരെ മനുഷ്യര്‍ക്കെതിരെയുള്ള ആക്രമങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും പാമ്പുകളെ പിടികൂടുന്ന കാര്യത്തില്‍ വനം വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ വലിയ പ്രതിഷേധമാണ് പ്രദേശവാസികളുടെ ഭാഗത്ത് നിന്നും ഉയരുന്നത്.
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് രാത്രിയിലാണ് പെരുമ്പാമ്പ് കൂട്ടില്‍ കെട്ടിയിരുന്ന പശുക്കുട്ടിയെ മുഴുവനായി വിഴുങ്ങിയത്. പക്ഷേ, പശുക്കുട്ടിയുടെ വലിപ്പം കാരണം ദഹിക്കാതെ വന്നതോടെ പാമ്പ് അതിനെ ചര്‍ദ്ദിച്ച് പുറന്തള്ളുകയായിരുന്നെന്ന് കരുതുന്നു. പിറ്റേന്ന് രാവിലെയാണ് വീട്ടുകാര്‍ ഈ ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടത്. പശുക്കുട്ടിയുടെ മൃതദേഹത്തിന് അരികെ അതിന്റെ അമ്മ പശു കണ്ണീരോടെ നില്ക്കുന്ന കാഴ്ച അത്യന്തം ഹൃദയഭേദകമാണ് എന്നാണ് സംഭവത്തിന് സാക്ഷികളായ പ്രദേശവാസികള്‍ പറയുന്നത്.






