
പാലാ: വിദ്വേഷപരാമര്‍ശക്കേസില്‍ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പി.സി.ജോര്‍ജ്ജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. കഴിഞ്ഞദിവസം പി.സി.ജോര്‍ജ്ജ് കോടതിയില്‍ എത്തി കീഴടങ്ങിയിരുന്നു. ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. എന്നാൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പിസി ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
ചാനല്‍ചര്‍ച്ചയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ പി.സി. ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തേ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ഒളിവില്‍ പോകുകയും പിന്നീട് കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട കോടതിയില്‍ എത്തി കീഴടങ്ങി തുടര്‍ന്ന് റിമാന്റിലുമായി. ഇതിനു പിന്നാലെ ഇസിജി വേരിയേഷനെ തുടർന്ന് പി സി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചത്. നിലവിൽ ജോർജിന്റെ ആരോഗ്യം തൃപ്തികരമാണ്.
ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താനിരിക്കെയാണ് കോടതി ജാമ്യം അനുവദിച്ചത്. മുപ്പതുവര്‍ഷത്തോളം എംഎല്‍എ ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വിധേയമാകുന്ന പി.സി. ജോര്‍ജ്ജിന് രാഷ്ട്രീയക്കാരനായി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്നായിരുന്നു മുന്‍കൂര്‍ജാമ്യം നിഷേധിച്ചുകൊണ്ട് പി.സി. ജോര്‍ജ്ജിനെതിരേ ഹൈക്കോടതി നടത്തിയ പരാമര്‍ശം. മതവിദ്വേഷം, കലാപാഹ്വാനം എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു പി.സി. ജോര്‍ജ്ജിനെതിരേ കേസെടുത്തത്. സമാനരീതികളിലുള്ള കേസുകളില്‍ പി.സി.ജോര്‍ജ്ജ് കോടതി കയറുന്നതും പുറത്തുവരുന്നതുമൊക്കെ മുമ്പും ഉണ്ടായിട്ടുണ്ട്.
നേരത്തേ തിരുവനന്തപുരത്ത് ഹിന്ദു മഹാസഭയുടെ സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോള്‍ പി.സി. നടത്തിയ പരാമര്‍ശം വന്‍ വിവാദമുണ്ടാക്കിയിരുന്നു. അന്ന് ഫോര്‍ട്ട്പോലീസ് പി.സി. ജോര്‍ജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കസ്റ്റഡിയില്‍ എടുത്തിരുന്നു. അന്നും ബിജെപി വന്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. പിന്നീട് കര്‍ശന ജാമ്യ വ്യവസ്ഥയില്‍ പി.സി. പുറത്തിറങ്ങുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെ ജാമ്യവ്യവസ്ഥയില്‍ നില്ക്കുമ്പോള് പാലാരിവട്ടത്തും സമാന പ്രശ്നം ഉണ്ടാകുകയും തിരുവനന്തപുരത്തെ കേസിലെ ജാമ്യവ്യവസ്ഥയുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപരും കേസില്‍ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു.






