
നിങ്ങള്‍ക്കൊരു കാര്‍ വാങ്ങാന്‍ ആഗ്രഹമില്ലേ? അനുദിനം കാറുകളുടെ സാങ്കേതിക വിദ്യ വളരുന്ന കാലത്ത് ഏതു കാര്‍ തെരഞ്ഞെടുക്കും? ഒരു പെട്രോള്‍ എന്ജിന് ആയാലോ? ഇപ്പോഴത്തെ പെട്രോള്‍ വിലയില്‍ ഒരു പെട്രോള്‍ കാര്‍ എടുക്കണോ? എന്നാല്‍ പിന്നെ ഡീസല്‍ ആയാലോ? അതും വിശ്വസിക്കാന്‍ പറ്റില്ല പത്ത് വര്‍ഷത്തില്‍ ഡീസല്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് അപ്രത്യക്ഷമാകുമോ? അങ്ങനെയെങ്കില്‍ പിന്നെ ഇവി ആയാലോ? എന്താണ് ഹൈബ്രിഡ്? അങ്ങനെ നൂറുനൂറു സംശയങ്ങള്‍...
ആകെ ഒരു കണ്ഫ്യൂഷന് അല്ലേ. നിലവില്‍ നമുക്ക് പെട്രോള്‍ മാത്രം ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളില്ലെന്നതാണ് യാഥാര്‍ഥ്യം. 80 ശതമാനം പെട്രോളും 20 ശതമാനം എഥനോളും ഉപയോഗിച്ചാണ് നിലവില്‍ പെട്രോള്‍ ലഭിക്കുന്നത്. ഡീസലിലും സമാനമായ മാറ്റം വരാനിരിക്കുകയാണ്. 85 ശതമാനം എഥനോള്‍ ഉള്‍പ്പെടെയുള്ള മിശ്രിതം ഉള്‍പ്പെട്ടവയാണ് ഫ്ളക്സ് ഫ്യൂവലുകള്. ഇത്തരത്തില്‍ ഒന്നിലേറെ ഇന്ധനങ്ങളുടെ സംയുക്തങ്ങള്‍ ഉപയോഗിക്കുന്ന എന്‍ജിനുകളാണ് ഫ്ളക്സ് ഫ്യൂവല്‍ എന്‍ജിനുകള്‍ എന്നറിയപ്പെടുന്നത്.
ഇവയ്ക്ക് പുറമേ പെട്രോളിലും ഇലക്ട്രിക് പവറിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ഹൈബ്രിഡ് വാഹനങ്ങളും വിപണിയിലുണ്ട്. ഭാവി മുന്നില്‍ കണ്ട് നാം ഏത് ഇന്ധനമാണ് തിരഞ്ഞെടുക്കേണ്ടത്. ഒറ്റവാക്കില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മതിയെന്ന് പറയുന്നവര്‍ ഏറെയാണ്.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കി വരുന്ന സബ്സിഡി മുതല്‍ ഇന്ധന ചെലവില്‍ ഇവിയില്‍ നിന്ന് നേടാന്‍ സാധിക്കുന്ന സാമ്പത്തിക ലാഭം വരെയാണ് ഇങ്ങനെ പറയാന്‍ കാരണം. എന്നാല്‍ ഇവി നമുക്ക് പൂര്‍ണ്ണമായും ആശ്രയിക്കാവുന്ന വാഹനമാണോഎന്നു ചോദിച്ചാല്‍ അല്ല എന്നാണ് ഉത്തരം. കാരണം ഇവിയില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക ലാഭം വരാനിരിക്കുന്ന ബാറ്ററി റീപ്ലേസ്മെന്റില്‍ നഷ്ടമാകും എന്നതു തന്നെ.
ഉപയോക്താക്കളും ഇലക്ട്രിക് വാഹനങ്ങള്‍ ഉപേക്ഷിച്ച് പെട്രോള്‍, ഡീസല്‍ കാറുകളിലേക്ക് മടങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ വൈദ്യുത വാഹന നയം വേണ്ടത്ര ആലോചനകളില്ലാതെയാണ് നടപ്പിലാക്കിയതെന്നും വേണ്ടത് പുനരുപയോഗ സാധ്യതയുള്ള ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള ഹൈബ്രിഡ് വാഹനങ്ങളാണെന്നും ചില പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ആവശ്യപ്പെട്ടത് ചര്‍ച്ച വിപുലമാക്കി.
കൂടാതെ ഇവിയുടെ മെയിന്റനന്‍സ് ചാര്‍ജ്ജുകള്‍ ഒരു സ്ഥലത്തും ചര്‍ച്ചയാകാറുമില്ല. ഇവയ്ക്കെല്ലാം പുറമേ ഇവിയ്ക്ക് നിലവില്‍ 5ശതനമാനം മാത്രം ജിഎസ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് ജിഎസ്ടി 28 ശതമാനമാണ്.
ഇത് മാത്രമല്ല, ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ അപര്യാപ്തയും ചാര്‍ജ്ജ് ചെയ്യാനെടുക്കുന്ന സമയവും ഇവിയെ പൂര്‍ണ്ണമായി ആശ്രയിക്കാന്‍ സാധിക്കില്ലെന്നതിന്റെ തെളിവുകളാണെന്ന് വിദഗ്ദര്‍ പറയുന്നു. കൂടാതെ ഇവിയ്ക്ക് നല്കി വരുന്ന സബ്സിഡി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ തന്നെ ഭിന്നാഭിപ്രായം ഉടലെടുത്ത് കഴിഞ്ഞു.
പരിസ്ഥിതി മലിനീകരണവും രാജ്യത്തിന്റെ വളര്‍ച്ചയും കണക്കിലെടുത്താണ് പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി വര്‍ഷങ്ങളായി പരിശ്രമിക്കുന്നത്. എന്നാല്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ രാജ്യത്ത് നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നുതന്നെയാണ് അതിനുത്തരം.
ഇനിയുള്ള കാലത്ത് ഫ്ളക്സ് ഫ്യുവല്‍ എന്‍ജിനുകളും ഹൈബ്രിഡ് ടെക്നോളജിയും ഉപയോഗിക്കുന്നതാണ് ഏറെ ഗുണകരമാകുകയെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ഇവ പരിസ്ഥിതി പ്രശ്നങ്ങളെ ഒരു പരിധിവരെ കുറയ്ക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ലാഭവും നേടി തരുന്നു.
കാലങ്ങളായി ഉപയോഗിച്ചുവന്ന ഇന്റേണല്‍ കമ്പസ്റ്റന്‍ എഞ്ചിനുകളില്‍ നിന്നും ഇലക്ട്രിക് മോട്ടോറുകളിലേക്ക് വാഹനനിര്‍മാതാക്കള്‍ മാറാന്‍ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. പരമ്പരാഗത വാഹനങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ സാമ്പത്തികമായി വലിയ ലാഭമുണ്ടാക്കാന്‍ കഴിയുന്നതും പ്രകൃതിക്കിണങ്ങിയതുമായ മാറ്റമാണിതെന്നും ചിലര്‍ പറയുന്നു.
ആഗോള വാഹന വിപണിയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഫോര്‍ഡും ജനറല്‍ മോട്ടോഴ്സും ഇന്റേണല്‍ കമ്പസ്റ്റന്‍ എഞ്ചിനുകളിലേക്ക് മടങ്ങുകയാണെന്ന വാര്‍ത്തയും അടുത്തിടെ പുറത്തുവന്നു. ഇതിനിടയിലാണ് ഇലക്ട്രിക് വാഹനങ്ങളല്ലെങ്കില്‍ പിന്നെയെന്താണ് മാര്‍ഗമെന്ന ചോദ്യമുയര്‍ന്നു വന്നത്. വാഹനലോകം തന്നെ അതിനും ഉത്തരം കണ്ടുപിടിച്ചു, ഹൈബ്രിഡ്. അതായത് പഴയ പെട്രോള്‍ വണ്ടിയുടെയും പുതിയ കറണ്ട് വണ്ടിയുടെയും സങ്കരയിനം, പെട്രോളിലും കറണ്ടിലുമോടുമെന്ന് പറയാം.
ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് നിലവില്‍ 28 ശതമാനം ചരക്കു സേവന നികുതിയും 15 ശതമാനവും സെസും ചുമത്തുന്നുണ്ടെന്നതാണ് പ്രതിസന്ധി. സെസ് ഒഴിവാക്കാനും ജി.എസ്.ടി സ്ലാബ് കുറയ്ക്കാനുമുള്ള ഹെവി ഇന്‍ഡ്രസ്ട്രീസ് മന്ത്രാലയത്തിന്റെ ശുപാര്‍ശ ധനമന്ത്രാലയം ഉടന്‍ പരിഗണിക്കുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ ഇന്ത്യയില്‍ ഹൈബ്രിഡ് വാഹനങ്ങളുടെ വില കുത്തനെ കുറക്കാനാകും. അടുത്തിടെ ഹൈബ്രിഡ് കാറുകള്‍ക്കുള്ള റോഡ് തീരുവ കുറയ്ക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചെന്ന വാര്‍ത്ത വാഹന വിപണി കയ്യടിയോടെയാണ് സ്വീകരിച്ചത്.
2018വരെ ഇലക്ട്രിക് വാഹനങ്ങളുടെ ഗണത്തില്‍ തന്നെയാണ് ഹൈബ്രിഡ് വാഹനങ്ങളെയും കൂട്ടിയിരുന്നത്. എന്നാല്‍ അധിക നികുതി ഈടാക്കാമെന്ന സാധ്യത മുന്നില്‍ കണ്ട കേന്ദ്രസര്‍ക്കാര്‍ ഹൈബ്രിഡ് കാറുകളെ ഇലക്ട്രിക് വാഹനങ്ങളുടെ പട്ടികയില്‍ നിന്നും മാറ്റുകയായിരുന്നു. പിന്നീട് ഹൈബ്രിഡ് കാറുകളുടെ വിലയില്‍ 43 ശതമാനം വര്‍ധനയുണ്ടായി. ഇതേസമയം, ജി.എസ്.ടി കൗണ്‍സില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 12ല്‍ നിന്നും അഞ്ചായി കുറയ്ക്കുകയും ചെയ്തു.
എണ്ണിയെടുക്കാവുന്ന മോഡലുകള്‍ മാത്രമാണ് ഹൈബ്രിഡ് കാര്‍ വിപണിയിലുള്ളത്. അതും സാധാരണക്കാരന് താങ്ങാനാവാത്ത വിലയിലുള്ളതാണെന്നതാണ് യാഥാര്‍ഥ പ്രതിസന്ധി.






