
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെയായി പ്രേഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് ലക്ഷ്മി പ്രിയ. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ 40 ാം പിറന്നാള്‍ ദിനത്തില്‍ ലക്ഷ്മി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും ഭര്‍ത്താവിന്റെ പിന്തുണയെക്കുറിച്ചുമെല്ലാം താരം അഭിമുഖങ്ങളിലെല്ലാം വാചാലയാവാറുണ്ട്.
നാല്‍പ്പത് വയതിനിലെ, എന്തിരുപത്, മുറിവ് മുപ്പത്, അറിവ് നാല്‍പ്പത്, മുറുമുറുപ്പ് അറുപത്. എല്ലാത്തിനെയും ചോദ്യം ചെയ്യുന്ന ഇരുപതുകളും അനുഭവങ്ങളുടെ മുറിവുകള്‍ കൊണ്ട് പിടഞ്ഞ മുപ്പതുകളും താണ്ടി തിരിച്ചറിവുകളുടെ നാല്‍പ്പതുകളിലേക്ക് ലാന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നു. ബോധത്തിന്റെയും സ്വഭാവിക പരുവപ്പെടലിന്റെയും ബോധ്യത്തിലേക്ക് എത്തിയതുകൊണ്ടാവണം എന്റെ ഇന്നലെകളിലെ വേദനിക്കലുകളെ ,പരാജയങ്ങളെ, അതിജീവിക്കലുകളെ , ചില മനുഷ്യരെ എല്ലാം ചെറു പുഞ്ചിരിയോടെ തിരിഞ്ഞു നോക്കാന്‍ കഴിയുന്നത്.
മുന്‍പൊരിക്കല്‍ പറഞ്ഞതു പോലെ നാറാണത്ത് ഭ്രാന്തന് കല്ലുരുട്ടി മല കയറ്റുന്നത് പോലെ എത്തി എന്നു വിചാരക്കുന്നിടത്തു നിന്നും വീണ്ടും ഉരുണ്ടുരുണ്ട് താഴേക്ക് പതിക്കുന്ന ജീവിതം. ഇപ്പൊ എനിക്കതില്‍ പരിഭ്രാന്തി ഇല്ല കാരണം അതാണ് ജീവിതം എന്ന് ഞാന്‍ പഠിച്ചുകഴിഞ്ഞിരിക്കുന്നു. നൈമിഷിക സന്തോഷങ്ങള്‍ക്കും നൈരാശ്യങ്ങള്‍ക്കും ഒരേ നിറം, ഒരേ ഭാവം. മനസ്സ് നിറയെ കൃതാര്‍ത്ഥത മാത്രം. ലഭിച്ച അനുഗ്രഹങ്ങള്‍ക്കും സൗഭാഗ്യങ്ങള്‍ക്കും.
നന്ദി ആര്‍ക്കൊക്കെയാണ് പറയേണ്ടത്? പ്രകൃതിയ്ക്ക്, അനുഭവങ്ങള്‍ക്ക്, എന്റെ അമ്മയ്ക്ക്-ഭഗവതിയ്ക്ക്, എന്റെ ഗുരുവായൂര്‍ കണ്ണന്, ഗുരുക്കന്മാര്ക്ക്, ,ജീവിതത്തിന്റെ പകുതിയിലധികം ദൂരവും ചേര്‍ത്തു നടത്തിയ ഭര്‍ത്താവിന്, അമ്മയുടെ പ്രിയപ്പെട്ട കൂട്ടുകാരിയായ മകള്‍ മാതുവിന്, എന്റെ വല്യേട്ടന്, പിന്നെ എന്റെ പ്രിയപ്പെട്ട സൗഹൃദങ്ങളായ നിങ്ങള്‍ക്കൊരോരുത്തര്‍ക്കും എന്നുമായിരുന്നു ലക്ഷ്മി പ്രിയ കുറിച്ചത്.






