
അടിമാലി: മാങ്കുളത്തു പുഴയോരത്തെ പുറമ്പോക്കിലുള്ള ഏറുമാടത്തില്‍നിന്നു വിദ്യാഭ്യാസവും പോഷകാഹാരവുമില്ലാതെ കഴിഞ്ഞിരുന്ന മൂന്നു കുട്ടികളെ കണ്ടെത്തി. 11, 7, 6 വയസുള്ളവരാണു കുട്ടികള്‍. അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയില്‍പ്പെട്ട കുറത്തിക്കുടി ആദിവാസി സങ്കേതത്തിലെ താമസക്കാരായിരുന്നെന്നാണു കുട്ടികള്‍ നല്കുന്ന വിവരം. മാതാവ് ഉപേക്ഷിച്ചുപോയതാണെന്നും പിതാവ് രാത്രിയില്‍ ഒപ്പമുണ്ടെന്നും കുട്ടികള്‍ പറയുന്നു. സങ്കേതത്തിനു പുറത്തു മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആനക്കുളം ആന ഓരിനു സമീപമാണ് ഏറുമാടം കണ്ടെത്തിയത്.
വലിയ പാറക്കുട്ടി എന്ന ഭാഗത്തു പുഴയോരത്തു മരത്തില്‍ ഏറുമാടംകെട്ടി ഇതിലായിരുന്നു കുട്ടികള്‍ അന്തിയുറങ്ങിയിരുന്നത്. നാലു മാസമായി ഇവര്‍ ഈ ഭാഗത്തുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ് ആരോഗ്യവകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹല്‍മാസ് ഹമീദ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ടി. പ്രിയാവതി എന്നിവര്‍ ഇവിടെയെത്തി. പിതാവിനെ കണ്ടെത്താനായില്ല. കുട്ടികള്‍ പറയുന്ന വിവരമനുസരിച്ച് 11 വയസുകാരിയായ മൂത്ത മകള്‍ നാലാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. ഏഴും ആറും വയസുള്ള ഇളയ ആണ്‍കുട്ടികള്‍ ഒന്നാം ക്ലാസില്‍ പഠിച്ചിരുന്നു. ഇവിടെ എത്തിയശേഷം പഠനം നടത്തിയിട്ടില്ല.
പോഷകാഹാരത്തിന്റെ കുറവു പ്രഥമദൃഷ്ട്യാ വ്യക്തമാകുന്ന വിധത്തിലാണു കുട്ടികള്‍. വനാതിര്‍ത്തിയിലെ മരച്ചില്ലകളില്‍ കാട്ടുകമ്പുകള്‍ വച്ചുകെട്ടിയുണ്ടാക്കിയ ഏറുമാടത്തിന്റെ താഴ്ഭാഗത്താണ് ഇവര്‍ താല്‍ക്കാലിക അടുപ്പുകല്ലുകള്‍ സ്ഥാപിച്ചു ഭക്ഷണം പാചകം ചെയ്തിരുന്നത്. ഏറുമാടത്തിന്റെ താഴ്ഭാഗത്തു കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവാണെന്നു നാട്ടുകാര്‍ പറയുന്നു. പുലര്‍ച്ചെ പോകുന്ന പിതാവ് രാത്രി വൈകിയാണു തിരികെ ഏറുമാടത്തിലെത്തുന്നത്. ഈ സമയം കുട്ടികള്‍ തനിച്ചാകും ഏറുമാടത്തിലുണ്ടാകുക.
സുരക്ഷിതമല്ലാത്ത രീതിയില്‍ കുട്ടികളെ കണ്ടെത്തിയ വിവരം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദിലീപ് മുഖേന മെഡിക്കല്‍ ഓഫീസറെയും വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതരെയും അറിയിച്ചു. കുറത്തിക്കുടി ആദിവാസി സങ്കേതത്തില്‍നിന്നു കുട്ടികളുമായി ഏറുമാടത്തിലേക്കു വരാനുണ്ടായ സാഹചര്യം അടക്കം കണ്ടെത്തേണ്ടതുണ്ട്. കുട്ടികള്‍ക്ക് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങിനല്‍കിയശേഷം മടങ്ങി.






