
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയര്‍ ബോര്‍ഡിലെ ജീവനക്കാരിയായിരുന്ന ജോളി മധുവിന്റെ മരണം അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിരിക്കുന്നു.
കയര്‍ ബോര്‍ഡിന്റെ കൊച്ചി ഓഫീസില്‍ സെക്ഷന്‍ ഓഫീസറായിരുന്ന ജോളി അമ്പത്തിയാറാം വയസില്‍ സെറിബ്രല്‍ ഹെമറേജിനെത്തുടര്ന്നു ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. ഉന്നത ജീവനക്കാരില്‍നിന്നു നേരിടേണ്ടിവന്ന തൊഴില്‍ പീഡനത്തിന്റെ നിരവധി തെളിവുകള്‍ അവരുടെ ഡയറിക്കുറിപ്പില്നിന്നടക്കം പുറത്തുവരുകയുണ്ടായി. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ വേട്ടയാടി എന്നു വെളിപ്പെടുത്തുന്ന ശബ്ദസന്ദേശവും പുറത്തുവന്നു. ജീവിച്ചിരിക്കെ, മേലധികാരികളുടെ അഴിമതിക്കും വഴിവിട്ട നീക്കങ്ങള്‍ക്കുമെതിരേ രാഷ്ട്രപതിക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും മനുഷ്യാവകാശ കമ്മിഷനും അവര്‍ കത്തെഴുതിയിരുന്നു. എന്നിട്ടും നീതി ലഭിച്ചില്ലെന്നുമാത്രമല്ല, അതിന്റെ പേരില്‍ ഒരുപാടു സമ്മര്‍ദ്ദം അനുഭവിക്കേണ്ടിയും വന്നു.
തൊഴിലിടങ്ങളിലെ മനുഷ്യത്വ രഹിതമായ നടപടികളുടെ പേരില്‍ ഇനിയൊരാള്‍ക്കും ജീവഹാനി സംഭവിക്കുകയോ ജീവിതം മടുത്തുപോകുന്ന സാഹചര്യം ഉണ്ടാകുകയോ അരുത്. അഴിമതിക്കാര്‍ക്കെതിരേ ശബ്ദിച്ചതിന്റെ പേരിലുള്ള പീഡനങ്ങള്‍ തുടരുന്നത് അഭിമാനകരമായ കാര്യമല്ല. ജോളി മധുവിന്റെ മരണത്തിന് ഉത്തരവാദികളെന്ന് ആരോപിച്ച് നാല് ഉന്നത ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അവരുടെ കുടുംബം ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും പരാതി നല്കുകയുണ്ടായി. അഴിമതിക്കെതിരേ സംസാരിച്ചതിനു ജോളിയെ സ്ഥലംമാറ്റുകയും അവര്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കയര്‍ ബോര്‍ഡ് ചെയര്‍മാനും എം.എസ്.എം.ഇ. വകുപ്പിന്റെ ജോയിന്റ് സെക്രട്ടറിയുമായ വിപുല്‍ ഗോയല്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് ജിതേന്ദ്ര ശുക്ല, അക്കൗണ്ട്സ് മാനേജര്‍ പ്രസാദ് കുമാര്‍, അക്കൗണ്ടസ് ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഇന്‍ ചാര്‍ജ് സി.യു. ഏബ്രഹാം എന്നിവര്‍ക്കെതിരേയാണ് പരാതിയുണ്ടായത്.
മുപ്പതു വര്‍ഷത്തോളം കയര്‍ ബോര്‍ഡില്‍ ജീവനക്കാരിയായിരുന്ന ജോളി മധു, കാന്‍സര്‍ അതിജീവിതയുമായിരുന്നു. കാന്‍സറിനെ തോല്‍പ്പിച്ചെങ്കിലും തൊഴിലിടത്തിലെ മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം അവര്‍ക്ക് അതീജീവിക്കാനായില്ല. വിധവയും കാന്‍സര്‍ അതിജീവിതയുമാണെന്ന പരിഗണനപോലും നല്‍കാതെ ജോളിയെ ആറു മാസം മുമ്പ് ആന്ധ്രാപ്രദേശിലേക്കു ചട്ടങ്ങള്‍ ലംഘിച്ച് സ്ഥലംമാറ്റുകയുമുണ്ടായി. തുടര്‍ന്നു ജോളി അവധിക്ക് അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടു. സ്ഥലംമാറ്റം റദ്ദാക്കിയെങ്കിലും മാപ്പു പറഞ്ഞില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്നായി ഭീഷണി. രണ്ടു വിജിലന്‍സ് കേസുകളിലും ജോളി പ്രതിയാക്കപ്പെട്ടു. തന്റെ ദുരവസ്ഥ വിവരിച്ചു പരാതി എഴുതുന്നതിനിടെ തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് അവര്‍ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
മേലുദ്യോഗസ്ഥന്റെ അഴിമതി ചൂണ്ടിക്കാണിക്കുന്നതായിരുന്നു ജോളിയുടേതായി പുറത്തുവന്ന ശബ്ദസന്ദേശം. 'കള്ളനായ ശുക്ലയ്ക്കു സെക്ടറുടെ ചാര്‍ജ് കിട്ടി. മിനിസ്ട്രിയിലുള്ള വിപുല്‍ ഗോയല്‍ എന്നയാള്‍ക്കു ചെയര്‍മാന്റെ ചാര്‍ജും കൊടുത്തു. ശുക്ല ചാര്‍ജ് കൊടുത്ത് വിപുല്‍ ഗോയലിനെ പോക്കറ്റിലാക്കിവച്ചിരിക്കുയാണ്. ഇയാള്‍ എന്ത് എഴുതുന്നോ അത് വിപുല്‍ ഗോയല്‍ സൈന്‍ ചെയ്ത് ഇങ്ങോട്ടു തരും. ശുക്ലയാണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ശുക്ലയ്ക്കാണ് എന്നോടു ദേഷ്യവും. അയാള്‍ കക്കാനായി ഒത്തിരി ഫയലുകളില്‍ എഴുതിയതെല്ലാം ഞാന്‍ ഉടക്കി. അതിന്റെ റിവെഞ്ചാണ് തീര്‍ക്കുന്നത് ' -ജോളി മധുവിന്റെ ഞെട്ടിക്കുന്ന ശബ്ദസന്ദേശത്തിലെ വാക്കുകളാണിത്. കയര്‍ ബോര്‍ഡിനെതിരേ ഗുരുതര ആരോപണങ്ങളുമായി മറ്റു പലരും രംഗത്തെത്തുകയുണ്ടായി.
കയര്‍ ബോര്‍ഡില്‍ എന്താണു നടക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ശബ്ദ സന്ദേശം. ജോളി മധു സത്യസന്ധയും കഠിനാധ്വാനിയുമായ ജീവനക്കാരിയായിരുന്നുവെന്നു കയര്‍ ബോര്‍ഡ് മുന്‍ ചെയര്മാന് കുപ്പുരാമ ദുരൈ പാണ്ടി പറയുകയുണ്ടായി. അങ്ങനെയൊരു ജീവനക്കാരിക്കുണ്ടായ അനുഭവമാണ് അവരുടെ വാക്കുകളിലൂടെ പുറത്തുവന്നത്.
സത്യസന്ധമായും ആത്മാര്‍ഥമായും ജോലി ചെയ്യാന്‍ ശ്രമിച്ച അവര്‍ക്കു നേരിടേണ്ടിവന്നതു ജീവിതംതന്നെ ഇല്ലാതാക്കിക്കളഞ്ഞ തരത്തിലുള്ള പീഡനങ്ങളാണ്. ഇത്തരത്തില്‍ വേലിതന്നെ വിളവുതിന്നുന്ന സാഹചര്യം ഇല്ലാതാകണമെങ്കില്‍ വഴിവിട്ട രീതിയില്‍ അധികാരപ്രയോഗം നടത്തുന്നവരും അഴിമതിക്കാരും ശിക്ഷിക്കപ്പെടണം. കയര്‍ ബോര്‍ഡിനെതിരായ ആരോപണങ്ങളില്‍ ജോയിന്റ് സെക്രട്ടറിതല ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള അന്വേഷണമാണു പ്രഖ്യാപിച്ചിരിക്കുന്നത്. കയര്‍ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്ക്കെതിരേ ഗുരുതര സാമ്പത്തിക ആരോപണങ്ങളടക്കം ഉയര്ന്നിട്ടിട്ടുള്ള പശ്്ചാത്തലത്തില്‍ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം ഇനിയെങ്കിലും ഉണ്ടാകുമെന്നു പ്രത്യാശിക്കുന്നു.




