
എല്ലാ ജോലി മേഖലകളിലും പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അവിടുത്തെ തൊഴിലാളികള്‍ നേരിടാറുണ്ട്. ഇത്തരത്തില്‍ പലരും ജോലിസ്ഥലത്തെ ടോക്സിസിറ്റിയെ കുറിച്ചും മറ്റ് പ്രശ്നങ്ങളെ കുറിച്ചുമുള്ള ആശങ്കകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമാണ് റെഡ്ഡിറ്റ്. അവിടെ ഒരു യുവാവ് തന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ്. ജോലിക്ക് ചേര്‍ന്ന് വെറും ഒന്നരമാസം കൊണ്ട് താന്‍ ജോലി രാജിവച്ചു എന്നാണ് പ്രോഗ്രാം മാനേജറായ യുവാവ് പറയുന്നത്.
മാനേജര്‍ തന്നെ അപമാനിച്ചു, ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി. അതുപോലെ മറ്റ് ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ കാരണമായ വളരെ ബുദ്ധിമുട്ടേറിയ ഒരു പ്രൊജക്ട് തന്നെ ഏല്പിച്ചു എന്നും യുവാവിന്റെ പോസ്റ്റില്‍ പറയുന്നു. വൈറലായിരിക്കുന്ന പോസ്റ്റില്‍ യുവാവ് പറയുന്നത്, 'മാനേജര്‍ പലപ്പോഴും തന്നെ താഴ്ത്തിക്കെട്ടി, മാനേജര്‍ പറയുന്നത് എനിക്ക് എല്ലാം അറിയണം എന്നാണ്. തനിക്ക് യാതൊരുവിധ മാര്‍ഗനിര്‍ദ്ദേശവും തന്നിട്ടില്ല. താന്‍ പല കാര്യങ്ങളിലും പെട്ട് കിടക്കുകയാണ്. അതിനാല്‍ ഈ ജോലികള്‍ ചെയ്യാനാണ് തന്നെ നിയമിച്ചത് എന്നാണ് മാനേജര്‍ തന്നോട് പറഞ്ഞത്' എന്നും യുവാവിന്റെ പോസ്റ്റില്‍ പറയുന്നു.
'അതുപോലെ, 4 മണിക്ക് മുമ്പ് ജോലി ചെയ്ത് തീര്‍ത്തില്ലെങ്കില്‍ പിരിച്ചുവിടും എന്നായിരുന്നു ഒരുദിവസം പറഞ്ഞത്. അതോടെ താന്‍ ജോലി രാജി വയ്ക്കാന്‍ തീരുമാനിച്ചു. അക്കാര്യം പറഞ്ഞപ്പോള്‍ മാനേജര്‍ അമ്പരക്കുകയായിരുന്നു. പിറ്റേന്ന് മാനേജര്‍ വന്നിട്ട് പറഞ്ഞത് ശരിക്കും ഞാന്‍ പിരിച്ചുവിടാന്‍ ഒന്നും ഉദ്ദേശിച്ചിട്ടില്ല. ഇതാണ് തന്റെ രീതി. അത് മറ്റ് ജീവനക്കാരുടെ അടുത്ത് ഫലപ്രദമായിട്ടുണ്ട് എന്നാണ്' എന്നും യുവാവ് കുറിക്കുന്നു. എന്നാല്‍ താന്‍ തന്റെ തീരുമാനത്തില്‍ തന്നെ ഉറച്ചുനിന്നുവെന്നും ജോലി രാജിവച്ചുവെന്നും യുവാവ് പറയുന്നുണ്ട്. ഏതായാലും യുവാവിന്റെ പോസ്റ്റിനെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.






