
രാജ്യത്തെ പൗരന്മാരുടെ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി രാജ്യവ്യാപക ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ് തുര്‍ക്കി. അമിതവണ്ണം ഉള്ള പൗരന്മാര്ക്ക് തങ്ങളുടെ വണ്ണം കുറയ്ക്കാനുള്ള നിര്‍ദ്ദേശമാണ് ക്യാമ്പയിന്റെ ഭാഗമായി നല്‍കുന്നത്. രാജ്യത്തെ പൗരന്മാരില് തടിയുള്ളവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഇത്തരത്തിലൊരു രാജ്യവ്യാപക ആരോഗ്യ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് പൊതുവിടങ്ങളില്‍ വച്ച് എല്ലാ പൗരന്മാരുടെയും ശരീരഭാരം കണ്ടെത്തി അമിതഭാരമുള്ളവരോട് പൊണ്ണത്തടി നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് പദ്ധതിയുടെ ആദ്യഘട്ടമായി ഇപ്പോള്‍ ചെയ്തുവരുന്നത്.
മെയ് 10 -ന് ആരംഭിച്ച ഈ ക്യാമ്പയിന്, ജൂലൈ പത്തോടെ ഏകദേശം എട്ട് പൗരന്മാരില് ഒരാള്‍ എന്ന നിലയില്‍ 10 ദശലക്ഷം ആളുകളുടെ ബോഡി മാസ് ഇന്‍ഡക്സ് (ബിഎംഐ) വിലയിരുത്താന്‍ ആണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ 81 പ്രവിശ്യകളിലും പൗരന്മാരുടെ ബോഡി മാസ് ഇന്‍ഡക്സ് പരിശോധിക്കാനായി ആരോഗ്യപ്രവര്‍ത്തകരെ വിന്യസിപ്പിച്ചിട്ടുണ്ട്. പ്രധാനമായും ടൗണ്‍ സ്ക്വയറുകള്‍, ഷോപ്പിംഗ് മാളുകള്‍, ബസ് സ്റ്റേഷനുകള്‍, ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഭാര പരിശോധന നടത്തുന്നത്.
അടുത്തിടെ നടന്ന ഒരു നഴ്സിംഗ് കോണ്‍ഫറന്‍സില്‍, തുര്‍ക്കിയിലെ ആരോഗ്യമന്ത്രി കെമാല്‍ മെമിസോഗ്ലു ഈ വിഷയത്തിന്റെ കുറിച്ച് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സമൂഹത്തിലെ 50 ശതമാനം ആളുകളും അമിതഭാരമുള്ളവരാണെന്നും അമിതഭാരം എന്നാല്‍ രോഗികള്‍ ആയിരിക്കുക എന്നാണ് അര്‍ത്ഥം എന്നും അദ്ദേഹം കോണ്‍ഫറന്‍സില്‍ പറഞ്ഞിരുന്നു. ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍ കെമാല്‍ മെമിസോഗ്ലുവിന്റെ ബോഡി മാസ് ഇന്‍ഡക്സ് പരിശോധിച്ചിരുന്നു. പരിശോധനയില്‍ അദ്ദേഹത്തിനും അമിതഭാരമുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ തന്റെ ശരീരഭാരം നിയന്ത്രിക്കാനായി താന്‍ എല്ലാദിവസവും നടക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
'നിങ്ങളുടെ ഭാരം അറിയുക, ആരോഗ്യത്തോടെ ജീവിക്കുക' എന്നതാണ് ക്യാമ്പയിന് മുന്നോട്ടുവെക്കുന്ന ആപ്തവാക്യം. പരിശോധനയില്‍ അമിതഭാരമുള്ള 25 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ വ്യക്തികള്‍ക്കും സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ സൗജന്യ ഡയറ്ററി കൗണ്‍സിലിംഗും തുടര്‍ നിര്‍ദ്ദേശങ്ങളും നല്‍കാനും തീരുമാനമായിട്ടുണ്ട്. 2023 ലെ ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം, തുര്‍ക്കി ജനസംഖ്യയുടെ ഏകദേശം 30 ശതമാനം പേര് അമിതവണ്ണമുള്ളവരാണ്. പദ്ധതിയെ ഒരു വിഭാഗം ആളുകള്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഇതിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കേണ്ടത് അടക്കമുള്ള വിഷയങ്ങളില്‍ ഇടപെടാതെ സര്‍ക്കാര്‍ ആളുകളുടെ കണ്ണില്‍ പൊടിയിടുകയാണെന്നാണ് പ്രധാനമായും ഈ പദ്ധതിക്കെതിരെ ഉയരുന്ന ആക്ഷേപം.






