അനീതി കണ്ടാല്‍ ഞാന്‍ പ്രതികരിക്കും. ന്യായമായ ആവശ്യങ്ങള്‍ നടത്തിത്തരണമെന്ന് ധൈര്യപൂര്‍വ്വം വാദിച്ച വ്യക്തിയാണ് ഞാന്‍. അങ്ങനെ കിട്ടിയ പേരാണ് ഗര്‍ജിക്കുന്ന സിംഹമെന്ന്. അല്ലാത്ത സമയത്ത് ഞാന്‍ വെറും പാവമാണ് കേട്ടോ (ചിരിക്കുന്നു).
പാര്‍ലമെന്റ് അംഗമായിരുന്ന കാലത്തെ അനുഭവങ്ങള്‍?
പാര്‍ലമെന്റില്‍ ആദ്യം ചെല്ലുമ്പോള്‍ പ്രായം കുറഞ്ഞ എം.പി.മാരുടെ കൂട്ടത്തിലായിരുന്നു ഞാന്‍. 28 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പ്രതിപക്ഷത്താണെങ്കില്‍ ആളുകള്‍ കുറവ്.
പ്രായക്കുറവുള്ളതുകൊണ്ട് തന്നെ എല്ലാവര്ക്കും എന്നോട് വലിയ സ്നേഹമായിരുന്നു. അംഗബലം പ്രതിപക്ഷത്ത് കുറവായിരുന്നതുകൊണ്ട് തന്നെ ധാരാളം അവസരങ്ങള്‍ എനിക്ക് വന്നുചേര്‍ന്നു.
ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ നേതാക്കന്മാരെ അടുത്തുകാണാനും അവരോടൊപ്പം ഇടപഴകാനും സാധിച്ചു. ചെറുപ്പമായതിനാല്‍ തന്നെ വളരെ ആവേശത്തോടെയാണ് ഞാന്‍ പ്രസംഗിച്ചത്. പല മുതിര്‍ന്ന നേതാക്കന്മാരും എന്റെ പ്രസംഗം കേട്ട് അടുത്തുവന്ന് അഭിനന്ദിച്ചിട്ടുണ്ട്.അതൊന്നും ഞാനൊരിക്കലും മറക്കില്ല.
സുഹൃദ്ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന വ്യക്തിയാണല്ലേ ?
സുഹൃദ്ബന്ധങ്ങള്‍ അന്നും ഇന്നും എനിക്ക് മുതല്‍ക്കൂട്ടാണ്. ഇതില്‍ എടുത്തുപറയേണ്ടത് രമേശ് ചെന്നിത്തലയെക്കുറിച്ചാണ്. ചങ്ങനാശ്ശേരി എന്‍.എന്‍.എസ് കോളേജില്‍ രമേശും ഞാനും പ്രീഡിഗ്രിക്ക് ഒന്നിച്ച് പഠിച്ചിരുന്നു.
പിന്നീട് പാര്‍ലമെന്റിലും നിയമസഭയിലും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ഏതു കാര്യവും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം രമേശ് എനിക്കു തന്നിട്ടുണ്ട്. അടുത്തിടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവിനെ ഫോണില്‍ വിളിച്ച് ഒരു കാര്യം പറയണം.
അതെങ്ങനെ പറയുമെന്നാലോചിച്ചപ്പോഴാണ് രമേശിന്റെ മുഖം മനസ്സില്‍ തെളിഞ്ഞത്. അപ്പോള്‍ത്തന്നെ രമേശിനെ വിളിച്ച് കാര്യം പറഞ്ഞു.1 മണിക്കൂറിനുള്ളില്‍ അദ്ദേഹമത് ശരിയാക്കിത്തരികയും ചെയ്തു.
അച്ഛന്റെ ആഗ്രഹപ്രകാരമാണ് ഞാന്‍ എല്‍.എല്‍.ബി.ക്ക് ചേര്‍ന്നതും വക്കീലായതും. ഏറ്റവുമധികം സന്തോഷിച്ച കാലമായിരുന്നു അത്. ഒരു കേസ് പഠിക്കുക, അത് കോടതിയില്‍ വാദിക്കുക.
അതൊക്കെ ഒരു രസമായിരുന്നു. ധാരാളം സൗഹൃദങ്ങള്‍ ജനിക്കുന്നതും കോടതിയില്‍ നിന്നാണ്. രാഷ്ട്രീയ നേതാക്കന്മാര്, വക്കീലന്മാര് തുടങ്ങി ഒരു നാടിന്റെ പരിഛേദം കോടതിയില്‍ കാണാം. സിസ്റ്റര്‍ അഭയയുടെ കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാദ്യം കേസ് ഫയല്‍ ചെയ്തത് ഞാനാണ്.
ഇതിനെ സംബന്ധിച്ച യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് പഠിച്ചപ്പോള്‍ അഭയക്കേസിലെ ദുരൂഹത കണ്ട് സങ്കടം തോന്നിപ്പോയി. സിവില്‍, ക്രിമിനല്‍ തുടങ്ങി നിയമത്തെ രണ്ടായി തിരിച്ചിട്ടുണ്ടെങ്കിലും ക്രിമിനല്‍ ലോ ആയിരുന്നു എനിക്ക് താല്പര്യം.
അഭിഭാഷക ജീവിതത്തില്‍ രസിച്ചുപോകുമ്പോഴാണ് പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുന്നത്. രണ്ടും ഒരു പോലെ കൈകാര്യം ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ വക്കീല്‍ക്കുപ്പായം അഴിച്ചുവച്ചു.
എം.പി, എം.എല്‍.എ. തുടങ്ങിയ പദവികള്‍ അല്ലാതെ മന്ത്രിസ്ഥാനം തേടിയെത്താത്തതില്‍ ദുഃഖമുണ്ടോ ?
ഒരിക്കലുമില്ല. എം.പി ആകണമെന്നുപോലും ഞാനാഗ്രഹിച്ചതല്ല. എല്ലാം പാര്‍ട്ടി തീരുമാനിക്കുന്നതാണ്. പല ഘടകങ്ങളും നോക്കിയാണല്ലോ ആളുകളെ മന്ത്രിയാക്കുന്നത്.
എന്നെ എം.പി. യാക്കുമ്പോഴും ആ പദവിക്ക് യോഗ്യരായ ധാരാളമാളുകള്‍ വേറെയുണ്ടായിരുന്നു. എന്നിട്ടും എനിക്കല്ലേ ആ ഭാഗ്യം ഉണ്ടായത്. മന്ത്രിയാകാന്‍ അന്നുമിന്നും ഞാനാഗ്രഹിച്ചിട്ടില്ല. പാര്‍ട്ടി പറയുന്നത് ഞാന്‍ അനുസരിക്കും.അത്രേയുള്ളൂ.
തെരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങളെ എങ്ങനെ വിലയിരുത്തുന്നു ?
ജയിക്കാന്‍ മാത്രം ജനിച്ചവനല്ലല്ലോ മനുഷ്യന്. പരാജയം കൂടിയുണ്ടെങ്കിലേ ജീവിതത്തിന് സുഖമുണ്ടാകൂ. തെരെഞ്ഞെടുപ്പുകളില്‍ പരാജയം ഏറ്റുവാങ്ങിയപ്പോഴും നിരാശ തോന്നിയിരുന്നില്ല. രാഷ്ട്രീയമായിട്ടേ ഞാനതിനെ എടുത്തിട്ടുള്ളൂ.
പിന്നെ സ്ഥായിയായ വിരോധം ആളുകള്‍ കൊണ്ടുനടക്കാറില്ല. അന്നുമിന്നും എല്ലാവര്ക്കും എന്നോട് വലിയ കാര്യമാണ്. തെരെഞ്ഞെടുപ്പ് നടക്കുന്ന സമയം മിക്കപ്പോഴും വേനല്ക്കാലത്താകും.
വോട്ടുതേടി ഉള്‍പ്രദേശങ്ങളിലേക്ക് ചെല്ലുമ്പോള്‍ സ്ത്രീകള്‍ കുടിവെള്ളത്തിനുവേണ്ടി ബുദ്ധിമുട്ടുന്ന കാഴ്ച ഹൃദയം നോവിക്കും. അങ്ങോട്ടുള്ള വഴിയും ദുര്‍ഘടം പിടിച്ചതാണ്.
ഈ കാര്യങ്ങളൊക്കെ ഏറെകുറെ പരിഹരിക്കാന്‍ എനിക്കു സാധിച്ചു. ഒരു പക്ഷെ അവരുടെ ആവശ്യങ്ങള്‍ ഭംഗിയായി ചെയ്തുകൊടുത്തതിന്റെ നന്ദിയാകും അവര്‍ കാട്ടുക.
തിരക്കുപിടിച്ച പൊതുപ്രവര്‍ത്തനത്തിനിടയില്‍ കുടുംബകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെങ്ങനെ ?
ഭാര്യ സാവിത്രിയാണ് കുടുംബകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പ്രണയവിവാഹമായിരുന്നല്ലോ ഞങ്ങളുടേത്. എന്റെ തിരക്കുകളെല്ലാം തന്നെ അവള്ക്കറിയാമെന്നതുകൊണ്ട് തന്നെ ഒന്നിനും എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല.
വീട്ടുകാര്യങ്ങളും മക്കളുടെ പഠനവുമെല്ലാം തന്നെ സാവിത്രി നന്നായി ശ്രദ്ധിച്ചിരുന്നു.
വക്കീലാകണമെന്നത് മകന്റെ ആഗ്രഹമായിരുന്നു. കേട്ടപ്പോള്‍ എനിക്കും സന്തോഷം തോന്നി. പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയതോടെ ആ കുപ്പായം അധികകാലം അണിയാന്‍ എനിക്കു സാധിച്ചില്ല.
എന്റെ മകനെങ്കിലും ആ പാത പിന്തുടരട്ടെ എന്ന് ഞാനാഗ്രഹിച്ചു. ഇളയ മകന് ക്രിസ്ത്യന്‍ കോളേജില്‍ മൂന്നാംവര്‍ഷ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയാണ്. രണ്ടുമക്കള്‍ക്കും അവര്‍ക്കാവശ്യമായ സ്വാതന്ത്ര്യം ഞാന്‍ കൊടുത്തിട്ടുണ്ട്.
(ചിരിക്കുന്നു). ബാല്യം, കൗമാരം, യൗവ്വനം, വാര്‍ധക്യം എന്നീ ഘട്ടങ്ങളിലൂടെയുള്ള മനുഷ്യരുടെ സഞ്ചാരത്തില്‍ എല്ലാവരും വാര്‍ധക്യത്തെ വെറുക്കുന്നു.
അതുകൊണ്ട് തന്നെ മുടിയും താടിയുമെല്ലാം ഡൈ ചെയ്ത് യൗവ്വനം കൊതിക്കുന്നവരാണ് ഭൂരിഭാഗവും. നരച്ചമുടിയെപ്പറ്റി പറഞ്ഞപ്പോഴാണ് എനിക്കൊരു കാര്യം ഓര്‍മ്മ വരുന്നത്.
12 വര്‍ഷങ്ങള്‍ക്കു മുമ്പ്, ഞാനും ഭാര്യ സാവിത്രിയും കൊല്ലത്തേക്ക് ഒരു ട്രെയിനില്‍ യാത്ര ചെയ്യുകയാണ്. ആ കംപാര്‍ട്ട്മെന്റില്‍ വെച്ച് ഒരു സഹയാത്രികനെ കൂട്ട് കിട്ടി. അയാള്‍ക്കും കൊല്ലത്താണ് ഇറങ്ങേണ്ടത്. സ്റ്റേഷന് അടുക്കുന്നതുവരെ ഞങ്ങള്‍ സംസാരിച്ചിരുന്നു.
കൊല്ലം എത്തിയപ്പോള്‍ ഞങ്ങള്‍ മൂവരും അവിടെയിറങ്ങി. യാത്ര പറഞ്ഞു പിരിയാറായപ്പോള്‍ സഹയാത്രികന് എന്നോട് ചോദിക്കുകയാണ്, 'മോള്‍ക്ക് കൊല്ലത്ത് ഇന്റര്‍വ്യൂ ഉണ്ടോ'യെന്ന്. അതിനു മറുപടിയായി ഞാനൊന്ന് പുഞ്ചിരിച്ചു. എന്നിട്ട് അയാളുടെ തോളില്‍ കൈവെച്ച് പറഞ്ഞു.
' ഇതെന്റെ ഭാര്യയാണ്. മകളല്ല'. ആ സഹയാത്രികന്റെ മുഖം ഒന്നു കാണേണ്ടതായിരുന്നു. വീട്ടില്‍ വന്ന ശേഷവും ആ കാര്യമോര്‍ത്ത് ഞാന്‍ ചിരിച്ചുപോയി.
എന്റെ മുടിയും താടിയും നരച്ചിരിക്കുന്നതുകൊണ്ടാകും അയാള്‍ക്ക് അങ്ങനെയൊരു സംശയം ഉണ്ടായത്. അയാളെ കുറ്റം പറയാന്‍ പറ്റില്ല. ദൈവം തരുന്ന പ്രായം മറച്ചുവെക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. അന്നും ഇന്നും എന്നും ഞാനിങ്ങനെയാണ്.