
വീണ്ടും അകത്തേക്ക് കയറാന്‍ ഇട വരുത്തരുതേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാണ് ഓരോ കുറ്റവാളികളും നമ്മുടെ നാട്ടില്‍ ജയില്‍ കവാടത്തിലൂടെ കുനിഞ്ഞിറങ്ങുന്നത്. നോര്‍വേയിലെ ഹാള്‍ഡന്‍ ജയില്‍ പണിതപ്പോള്‍ അധികൃതരും ഉദ്ദേശിച്ചത് അത് തന്നെയായിരുന്നു. പക്ഷേ എല്ലാം മറിച്ചായെന്ന് മാത്രം. ഒരിക്കല്‍ കയറിയാല്‍ പിന്നെ വീണ്ടും വീണ്ടും എത്താന്‍ പ്രേരിപ്പിക്കുന്ന ജയിലെന്നാണ് നോര്‍വേയിലെ ഹാള്‍ഡന്‍ ജയിലിനെക്കുറിച്ച് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
ജയിലില്‍ എത്തുന്നവര്‍ക്ക് കുറ്റവാളിയെന്ന തോന്നല്‍ ഒരിക്കലും ജനിക്കാതെ വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് പോകാനുള്ള മാനസീകാവസ്ഥയില്‍ നിന്നും അവരെ തടയാന്‍ കഴിയുന്ന ഒരു ജയില്‍ അന്തരീക്ഷം എന്നതായിരുന്നു ജയില്‍ അധികൃതരുടെ സ്വപ്നം. അതിനായി ജയില്‍ രുപ കല്‍പ്പന ചെയ്തതാകട്ടെ പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന രീതിയിലും. സദാ വെളിച്ചം കടക്കുന്ന സംഗീതം പൊഴിക്കുന്ന ഇടനാഴിയും സെല്ലിന്റെ ഫീല്‍ കിട്ടാത്ത വൃത്തിയും വെടിപ്പുമുള്ള ആഡംബര ഹോട്ടല്‍ പോലെയുള്ള മുറികളും ഫര്‍ണീച്ചറുകളും ടെലിവിഷനും വേറെയും. കസ്റ്റം ലൈറ്റിംഗും സംഗീതം വഴിയുന്നതുമാണ് ഇടനാഴി.
സ്വകാര്യത ഉറപ്പാക്കുന്ന കിടക്കയും എസിയും അറ്റാച്ച്ഡ് ബാത്ത്റൂമും വരുന്നതാണ് സെല്ലുകള്‍. ഡോറുകളാകട്ടെ തടികൊണ്ട് ശബ്ദമുണ്ടാകാത്ത വിധം നിര്‍മ്മിച്ചവയും. കുറ്റവാളികളിലെ കലാവാസന ഊട്ടിയുറപ്പിക്കാന്‍ പാട്ടുകാര്‍ക്ക് സംഗീത ഉപകരണങ്ങളും റെക്കോഡിംഗ് സ്റ്റുഡിയോയും ചിത്രരചനക്കാര്‍ക്ക് പെയ്ന്റുകളും മറ്റുള്ളവര്‍ക്ക് പ്ളേ സ്റ്റേഷനും. ആത്മീയ പരിവേഷമുള്ള മെഡിറ്റേഷന്‍ റൂമുകളും കായിക പരിശീലനത്തിന് വോളിബോള്‍ കോര്‍ട്ടും ജിമ്മും ഒരുക്കിയിട്ടുണ്ട്. 3,500 തടവുകാരാണ് ഇവിടെയുള്ളത്.






