
രണ്ടു വര്‍ഷം നീണ്ട നിയമ യുദ്ധത്തിന് ശേഷം തന്റെ ഇരട്ടക്കുട്ടികളായ എസ്തേറിനെയും സ്റ്റെല്ലയെയും വിഖ്യാത പോപ്പ്താരം മഡോണ ചുംബിച്ചു. ആറു മാസം മുമ്പായിരുന്നു മഡോണ മലാവിയിലെ അനാഥാലയത്തിലെ ഇരട്ടക്കുട്ടികളുടെ ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാം വഴി പോസ്റ്റ് ചെയ്തത്. അക്കൗണ്ടിലെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഇരുവരേയും താരം കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്ന ദൃശ്യമുണ്ട്. നടപടി പൂര്‍ത്തിയായതോടെ മഡോണയ്ക്ക് മക്കള്‍ ആറായി.
മലാവിയില്‍ നിന്നും ഇന്ന് രാത്രിയില്‍ തിരിച്ചുപോരുന്ന മഡോണ തന്റെ പുതിയ പെണ്മക്കള്ക്കൊപ്പമായിരിക്കും അമേരിക്കയിലേക്ക് വരിക. നീണ്ട നിയമ യുദ്ധത്തിന് പിന്നാലെ മലായി ജഡ്ജി ഇരട്ടകളെ ദത്തെടുക്കാന്‍ മഡോണയെ അനുവദിച്ചു. അതേസമയം ദക്ഷിണാഫ്രിക്കന്‍ രാജ്യത്ത് നിന്നും കുട്ടികളെ ദത്തെടുക്കാനുള്ള കാരണവും മറ്റും ആരാഞ്ഞുകൊണ്ടുള്ള ജഡ്ജിയുടെ ചോദ്യങ്ങള്‍ താരത്തെ ചൊടിപ്പിച്ചു. മലാവിയില്‍ നിന്നുള്ള ഈ ഇരട്ട പെണ്‍കുട്ടികളെ ദത്തെടുക്കുന്ന നടപടി പൂര്‍ത്തിയായതായി ഔദ്യോഗികമായി താരം അറിയിച്ചു.
ഇരുവരും തങ്ങളുടെ കുടുംബത്തിന്റെ ഭാഗമാകുന്നത് അങ്ങേയറ്റം സന്തോഷകരമാണെന്നും ഇക്കാര്യം സാധ്യമാക്കിയ മലാവിയിലെ എല്ലാവര്ക്കും നന്ദി പറയുന്നതായും താരം വ്യക്തമാക്കി. ഇതിനൊപ്പം തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തേ ദത്തെടുത്ത മലാവി കുട്ടികള്‍ ഡേവിഡിനും മെഴ്സിക്കും പുതിയ അതിഥികളായിട്ടാകും എസ്തറും സ്റ്റെല്ലയും എത്തുക. ജഡ്ജി അനുവാദം നല്‍കിയതിന് തൊട്ടു പിന്നാലെ രണ്ടു കുട്ടികളുടെയും കൈകള്‍ പിടിച്ചു നടന്ന വരുന്ന ചിത്രം 58 കാരി മഡോണ പോസ്റ്റ് ചെയ്തിരുന്നു.
ക്യൂബന്‍ നടന് കാര്‍ലോസ് ലിയോണിന്റെ പുത്രി 20 കാരി ലൂര്‍ദ്, രണ്ടാമത്തെ വിവാഹത്തില്‍ മാനേജരായിരുന്ന ഗയ് റിച്ചിയിലുണ്ടായ 16 കാരന് റോക്കോ റിച്ചി, 2006 ല്‍ മലാവിയില്‍ നിന്നും ദത്തെടുത്ത 11 കാരന് ഡേവിഡ് ബണ്ടാ, 2009 ല്‍ തെരഞ്ഞെടുത്ത 10 വയസ്സുകാരി മേഴ്സി ജയിംസ് എന്നിവര്‍ ഉള്‍പ്പെട്ട വീട്ടിലേക്കാണ് എസ്തറും സ്റ്റെല്ലയും പുതിയ ജീവിതം തേടിയെത്തുന്നത്. ആറു മാസം മുമ്പ് മകള്‍ ലൂര്‍ദ് എസ്തറിനെയും സ്റ്റെല്ലയേയും എടുത്തു നില്ക്കുന്ന മൂന്ന് സുന്ദരികള്‍ എന്ന പേരിട്ട ചിത്രം മഡോണ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് 79,601 ലൈക്കുകളാണ് ഉണ്ടായത്. ട്വിറ്ററില്‍ താരത്തിന് 80,000 പേരാണ് പിന്തുടരുന്നത്.






