
ജീവിതരീതിയും സംസ്കാരവും കൊണ്ട് വേറിട്ട് നില്ക്കുന്ന നിരവധി നഗരങ്ങളുണ്ട് നമ്മുടെ ഇന്ത്യയില്‍. ഇത്തരത്തില്‍ ഛത്തിസ്ഗഡിന്റെ ഹൃദയഭാഗത്തായുള്ള ഒരു നഗരം ഇവിടുത്തെ അസാധാരണമായ ഗതാഗത പാരമ്പര്യം കൊണ്ട് വ്യത്യസ്തമാണ്. കല്‍ക്കരി ഖനികള്‍ക്ക് പേരുകേട്ട ചിര്മിരിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇവിടെ യാത്ര ചെയ്യാന്‍ ഓട്ടോറിക്ഷയോ ടാക്സിയോ ഒന്നുമില്ല. ഇതിന് പകരം ആളുകള്‍ സഞ്ചരിക്കുക വളരെ അപൂര്‍വമായ ഒരു രീതിയിലൂടെയാണ്, മറ്റൊന്നുമല്ല സൗജന്യ യാത്രയായ, ജനപ്രീതി നേടിയ ലിഫ്റ്റ് സമ്പ്രദായത്തിലൂടെയാണ്.
പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത മൂലം ഇവിടെ പൊതുഗതാഗത സംവിധാനങ്ങളൊന്നും സജ്ജീകരിക്കാന്‍ സാധിച്ചിട്ടില്ല. കുന്നും പ്രദേശമാണെന്നത് മാത്രമല്ല എട്ട് വ്യത്യസ്തമായ ഹില്‍ടോപ്പ് സോണാണ് ഇവിടം. എംസിബി ജില്ലയിലെ മുന്‍സിപ്പല്‍ കോര്പ്പറേഷന് പ്രദേശമായ ഇവിടെ ഓട്ടോറിക്ഷ, ടാക്സി സേവനങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ടു. ഇന്നും ആരെങ്കിലും റോഡ്സൈഡില്‍ കാത്തുനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ മോട്ടോര്‍സൈക്കിള്‍ യാത്രികരോ കാര്‍ യാത്രികരോ അവര്‍ക്ക് ലിഫ്റ്റ് കൊടുക്കും. അത് അപരിചിതരാവട്ടെ, നഗരത്തിലേക്ക് ആദ്യമായി എത്തുന്നവരാവട്ടെ ഒരു പക്ഷാഭേദവുമില്ല. ഇപ്പോള്‍ ഈ രീതി നഗരത്തിന്റെ സംസ്കാരത്തിന്റെ ഭാഗമായിരിക്കുകയാണ്.
പൊഡി, ഹല്‍ദി ബാരി, ബഡാ ബസാര്‍, ഡോം ഹില്‍, ഗെഹ്ലാപാനി, കൊറിയ കൊല്ലിയേരി എന്നിങ്ങനെയാണ് ഇവിടുത്ത പ്രദേശങ്ങളുടെ പേര്. ഇവ തമ്മില്‍ ഒന്നു മുതല്‍ ഏഴു കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. കുത്തനെ ഉള്ള വഴികളും വനങ്ങള്‍ നിറഞ്ഞ പ്രദേശങ്ങളുമാണ് ഇവിടുള്ളത്. ഇവിടെ ഓട്ടോറിക്ഷ ഓടിക്കുക സാധ്യമല്ല. ജീപ്പുകളാണ് സ്വകാര്യ ഗതാഗതത്തിന് ഏറ്റവും മികച്ച ഓപ്ഷന്. മധ്യപ്രദേശ് വിഭജിക്കുന്നതിന് മുമ്പ് ഇവിടെ ഖനി തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന സ്കൂട്ടറുകള് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ഇവിടെ ലിഫ്റ്റ് കൊടുക്കുന്നതും ലിഫ്റ്റ് ചോദിക്കുന്നതുമൊക്ക ഒരു രീതിയായി മാറിയെന്ന് പ്രദേശവാസികള്‍ പറയുന്നു.






