
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്ട്രോംഗ് റൂമുകളില്‍ സ്വര്‍ണ ഉരുപ്പടികള്‍ ഇനി ഒരുവര്‍ഷത്തിലധികം സൂക്ഷിക്കില്ല. ഒരോ വര്‍ഷവും സ്വര്‍ണം തുക്കി തിട്ടപ്പെടുത്തി റിസര്‍വ് ബാങ്കിനു കൈമാറും. ഇതുസംബന്ധിച്ചു ബോര്‍ഡ്യോഗം തീരുമാനമെടുത്തു. ശബരിമല സ്വര്‍ണപ്പാളി വിവാദത്തിന്റെ പശ്ചാത്തലത്തിലാണു പുതിയ തീരുമാനം. അടുത്തിടെ 467 കിലോ സ്വര്‍ണം റിസര്‍വ് ബാങ്കിനു കൈമാറിയിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ 1,252 ക്ഷേത്രങ്ങളിലായി 540 കിലോയോളം സ്വര്‍ണമുണ്ടെന്നാണു പ്രാഥമിക കണക്കെടുപ്പ്. ഇതില്‍ 500 കിലോ എസ്.ബി.ഐയിലേക്കു മാറ്റാന്‍ ഒരുവര്‍ഷംമുമ്പു ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. സ്വര്‍ണത്തിന്റെ വിപണിവിലയ്ക്ക് ആനുപാതികമായി രണ്ടരശതമാനം പലിശകിട്ടുന്ന റിസര്‍വ് ബാങ്കിന്റെ ഗോള്‍ഡ് ഡിപ്പോസിറ്റ് സ്കീമില്‍ സ്വര്‍ണം നിക്ഷേപിക്കാന്‍ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചും അനുമതി നല്‍കിയിട്ടുണ്ട്. ഇനി ഓരോവര്‍ഷവും സ്വര്‍ണ ഉരുപ്പടികള്‍ കട്ടികളാക്കി റിസര്‍വ് ബാങ്കിനു കൈമാറും.
ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ സര്‍ണ ഉരുപ്പടികളുടെ കണക്കെടുപ്പ് വീണ്ടും നടത്തും. അതിനായി തിരുവാഭരണം കമ്മിഷണറുടെ നേതൃത്വത്തില്‍ സമിതിയെ ചുമതലപ്പെടുത്തി. ക്ഷേത്രങ്ങള്‍ക്കു ലഭിച്ച വഴിപാടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വ്യാപകമായി വീഴ്ചയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു നടപടി. സ്വര്‍ണംപോലെ വിലപിടിപ്പുള്ള വഴിപാടുവസ്തുക്കള്‍ കൃത്യമായി രജിസ്റ്റര്ചെയ്പ്പെടുന്നില്ല. ഇതു മനഃപൂര്‍വമാണോ അല്ലയോ എന്നു പരിശോധിക്കാന്‍ പരിമിതിയുണ്ട്. അതിനാല്‍, രജിസ്റ്ററില്‍ രേഖപ്പെടുത്താന്‍ വിട്ടുപോയവ ഉള്‍പ്പെടുത്തും.
ശബരിമലയിലെ സ്വര്‍ണത്തില്‍ രണ്ടാം പരിശോധന നടന്നിട്ടില്ല. തിരുവാഭരണം കമ്മിഷണര്‍, ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് ഫിസിക്കല്‍ വെരിഫിക്കേഷനുള്ള ചുമതല. ഇതുപൂര്‍ത്തിയായാല്‍ ഓഡിറ്റ് വിഭാഗവും എസ്.ബി.ഐയും വീണ്ടും പരിശോധിച്ചു സ്വര്‍ണത്തിന്റെ അളവ് തിട്ടപ്പെടുത്തും. ബാക്കിയുള്ളവ ജനുവരിയോടെ ബാങ്കിലേക്കു മാറ്റാനായേക്കും.
എസ്.ബി.ഐ.യിലേക്കു മാറ്റിയതു 58,375 പവനാണ്. ഇപ്പോഴത്തെ വിപണിവിലയനുസരിച്ച് ഏകദേശം 543 കോടി രൂപയോളം മൂല്യം. ക്ഷേത്രങ്ങളില്‍ ഭക്തര്‍ കാണിക്കയായും നടയ്ക്കുവച്ചതുമായ സ്വര്‍ണം മൂന്നുവിഭാഗമായി തിരിച്ചിട്ടുണ്ട്. പൗരാണികമൂല്യമുള്ളവ എയിലും നിത്യപൂജകള്‍ക്കും ഉത്സവം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കും ഉപയോഗിക്കുന്നവ ബി യിലുമാണ്. രണ്ടിലുംപെടാത്ത സി വിഭാഗത്തിലുള്ള സ്വര്‍ണമാണു ബാങ്കിലേക്കു മാറ്റുന്നത്. വെള്ളിയാഭരണങ്ങളും നിക്ഷേപപദ്ധതിയില്‍ ഉള്‍പ്പെടുത്തും. കൊച്ചി, ഗുരുവായൂര്‍ ദേവസ്വംബോര്‍ഡുകളും സ്വര്‍ണനിക്ഷേപപദ്ധതി നടപ്പാക്കിയിട്ടുണ്ട്.
ജെബി പോള്‍






