
തിരുവനന്തപുരം: കേരളാ പോലീസിനെതിരായ പരാതികള്‍ വ്യാപകമായിരിക്കുന്നുവെന്ന് മനുഷ്യാവകാശ കമ്മിഷന് ആക്ടിങ് ചെയര്‍പേഴ്സണ്‍ പി.മോഹന്‍ദാസ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങള്ക്കെതിരെയാണ് പരാതികളില്‍ ഏറെയും. സ്ത്രീകള്‍പ്പോലും പോലീസിനെതിരെ പരാതിപ്പെട്ടിരിക്കുന്നത് തന്നെ ഏറെ അത്ഭുതപ്പെടുത്തിയിരിക്കുന്നുവെന്നും ഒരു ചാനലിനോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലീസ് സ്ഥലത്തെത്തുന്നതും കേസ് എടുക്കുന്നതും സാധാരണമാണ്. എന്നാല്‍, പലപ്പോഴും ഇതിനും അപ്പുറത്തേയ്ക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ജനങ്ങള്‍ക്ക് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
പോലീസിന്റെ ഭാഗത്തു തെറ്റുണ്ടായാലും മടിക്കാതെ നടപടിയെടുക്കണം. മുന്നറിയിപ്പും സ്ഥലംമാറ്റവുമല്ല അച്ചടക്ക നടപടിയാണ് വേണ്ടതെന്നും മേലുദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.






