
മുംബൈ: ലൈംഗിക ബന്ധത്തിന് മദ്യലഹരിയില്‍ നല്കിയ സമ്മതം ബലാത്സംഗത്തിനുള്ള അനുവാദമല്ലെന്ന് ബോംബെ ഹൈക്കോടതി. ലൈംഗിക ബന്ധം ബലാത്സംഗമായി പരിഗണിക്കാതിരിക്കണമെങ്കില് ലൈംഗിക ബന്ധത്തിന് സ്ത്രീ നല്കിയ സമ്മതം സ്വതന്ത്രവും സുവ്യക്തവുമായിരിക്കണമെന്ന് കോടതി നിരീക്ഷിച്ചു. മദ്യലഹരിയില്‍ ഒരു സ്ത്രീയ്ക്ക് ബോധപൂര്‍വമായ ഉഭയസമ്മതം നല്‍കാനാകില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ സെക്ഷന്‍ 375 പ്രകാരം എല്ലാ സമ്മതവും സമ്മതമായി കണക്കാക്കാനാകില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ബോംബൈ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മൃദുല ഭക്ടറിന്റേതാണ് ശ്രദ്ധേയമായ നിരീക്ഷണം. സഹപ്രവര്‍ത്തകയായ യുവതിയെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ബലാത്സംഗം ചെയ്തെന്ന കേസില്‍ ആരോപണവിധേയനായ യുവാവ് നല്കിയ കേസിലാണ് കോടതി നിരീക്ഷണം.
സംഭവ ദിവസം ഇരയാക്കപ്പെട്ട പെണ്‍കുട്ടി മദ്യം കഴിച്ചിരുന്നതായും അതിന് ശേഷം ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കിയതായും പ്രതി കോടതിയില്‍ പറഞ്ഞിരുന്നു. ഇതേതുടര്ച്ചാണ് ലൈംഗിക ബന്ധത്തിന് മദ്യലഹരിയില്‍ നല്കുന്ന സമ്മതം യഥാര്‍ത്ഥ സമ്മതമായി കണക്കാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചത്.






