
അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ അനുസ്മരിച്ച് നടി കല്യാണി പ്രിയദർശൻ. ശ്രീനിവാസശന്റ മരണം തന്റെ കുടുംബത്തെ സംബന്ധിച്ചും മലയാളസിനിമയെ സംബന്ധിച്ചും വലിയ നഷ്ടമാണെന്ന് കല്യാണി പറയുന്നു. പ്രിയദർശനും ശ്രീനിവാസനും ഒന്നിച്ചുനിൽക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു കല്യാണിയുടെ കുറിപ്പ്.
‘എന്റെ ബാല്യകാലത്തിൽ ഞാൻ കണ്ട ചില സൗഹൃദങ്ങളാണ് സിനിമയിലേക്ക് വരാനും അച്ഛനെപ്പോലെ ഈ മേഖലയിൽ പ്രവർത്തിക്കാനും എന്നെ പ്രേരിപ്പിച്ചത്. അവരിൽ ഒരാളായിരുന്നു ശ്രീനിവാസൻ. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാണ് വളർന്നത്. ഈ സിനിമകൾ എപ്പോഴും എന്റെ ചുറ്റിലുമുണ്ടായിരുന്നു. അന്ന് ഞാൻ അത് തിരിച്ചറിഞ്ഞില്ലെങ്കിലും പിന്നീട് ഈ വഴി തിരഞ്ഞെടുത്തതിനുളള കാരണങ്ങളായി അവ മാറി’ കല്യാണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.






