
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി ഒരുക്കിയ ചിത്രമാണ് തുടരും. ബോക്സ് ഓഫീസില്‍ ചരിത്ര വിജയം നേടിയ ചിത്രം, മോഹന്‍ലാല്‍ എന്ന താരത്തിന്റെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കുകയും ചെയ്തു. മോഹന്‍ലാല്‍ എന്ന താരവും നടനും ഒരുപോലെ സമന്വയിച്ച ചിത്രത്തെക്കുറിച്ച് പല തരത്തിലുള്ള വിശകലനങ്ങളും ഇതിനോടകം തന്നെ വന്നു കഴിഞ്ഞു. എന്നാല്‍ ഇനിയും പഠിക്കാനുള്ള വിഷയമായി മോഹന്‍ലാല്‍ തുടരുമെന്ന് ഓര്‍മിപ്പിക്കുകയാണ് തരുണ്‍ മൂര്‍ത്തിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.
തുടരം ചര്‍ച്ചകളിലൊന്നും ശ്രദ്ധിക്കപ്പെടാതെ പോയിരുന്ന, താന്‍ ഇത്രയും നാള് സ്വകാര്യമായി കൊണ്ടുനടന്നിരുന്നൊരു സന്തോഷം മറ്റൊരാള്‍ കണ്ടെത്തിയതിനെക്കുറിച്ചാണ് തരുണ്‍ മൂര്‍ത്തിയുടെ കുറിപ്പ്. തുടരും സിനിമയില്‍ മോഹന്‍ലാലിന്റെ മുഖത്ത് വന്ന് പോയ നവരസങ്ങളെക്കുറിച്ചുള്ളൊരു വിഡിയോ പങ്കിടുകയാണ് തരുണ്‍ മൂര്‍ത്തി.
മോഹന്‍ലാല്‍ എന്ന നടന്റെ നവരസങ്ങള്‍, കഥകളി കലാകാരന് എന്ന നിലയില്‍ നോക്കി കണ്ടതിനെക്കുറിച്ചാണ് തരുണ്‍ മൂര്‍ത്തിയുടെ കുറിപ്പ്. ചിത്രത്തിലെ അധികമാരും ശ്രദ്ധിക്കാതെ പോയൊരു ബ്രില്യന്സായാണ് നവരസങ്ങളെ വിഡിയോയില്‍ അവതരിപ്പിക്കുന്നത്.
‘ഒടുവില്‍ ഒരാള്‍ ശരിയായ അര്‍ത്ഥത്തില്‍ അത് കണ്ടിരിക്കുന്നു. ഒരു കഥകളി കലാകാരന് എന്ന നിലയില്‍, മോഹന്‍ലാലിലൂടെ നവരസങ്ങള്‍ ഒഴുകി വരുന്നത് സ്ക്രീനില്‍ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അത് മോണിറ്ററിലൂടെ കാണാന്‍ സാധിച്ചത് സ്വകാര്യമായൊരു സന്തോഷമായിരുന്നു. നിശബ്ദവും, പൂര്‍ണവും, ആഴത്തില്‍ സംതൃപ്തി നല്കിയതുമായ അനുഭവം.






