
മോഷണങ്ങളും ചതിക്കുഴികളും വാര്‍ത്തകളില്‍ നിറയുന്ന ഈ കാലഘട്ടത്തില്‍, മനുഷ്യത്വത്തിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കുന്ന ചില അപൂര്‍വ്വ നിമിഷങ്ങള്‍ നമുക്ക് ചുറ്റും സംഭവിക്കാറുണ്ട്. അത്തരത്തില്‍ പുനെയിലെ കേശവ് നഗറില്‍ നിന്നുള്ള ഒരു യുവാവിന്റെ അനുഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. ഫെബ്രുവരി 12ന് രാത്രി ബൈക്ക് യാത്രയ്ക്കിടെ തന്റെ വിലകൂടിയ സാംസങ് സ്മാര്‍ട്ട്ഫോണ്‍ അബദ്ധത്തില്‍ റോഡില്‍ വീണുപോയതും, അത് തിരികെ കിട്ടില്ലെന്ന് ഉറപ്പിച്ചിടത്തുനിന്നും ഒരു അപരിചിതന് അത് സുരക്ഷിതമായി എത്തിച്ചു നല്കിയതുമായ കഥയാണിത്.
യാത്രയ്ക്കിടെ 70,000 രൂപയോളം വിലയുള്ള ഫോണ്‍ നഷ്ടപ്പെട്ട കാര്യം അഞ്ച് മിനിറ്റിന് ശേഷമാണ് അദ്ദേഹം അറിഞ്ഞത്. ഉടന്‍ തന്നെ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. വഴിപോക്കരുടെ ഫോണ്‍ വാങ്ങി സ്വന്തം നമ്പറിലേക്ക് പലതവണ വിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ഗൂഗിളിന്റെ 'ഫൈന്‍ഡ് മൈ ഡിവൈസ്' ഉപയോഗിച്ച് ഫോണ്‍ ലോക്ക് ചെയ്യുകയും പോലീസില്‍ പരാതി നല്‍കുകയും ആയിരുന്നു.
തനിച്ചു താമസിച്ചിരുന്ന യുവാവിന് മറ്റൊരു ഫോണ്‍ കയ്യിലില്ലായിരുന്നു. അദ്ദേഹം തന്റെ ലാപ്ടോപ്പ് വഴി കാമുകിയെ വിവരം അറിയിക്കുകയും ഫോണിലേക്ക് തുടര്‍ച്ചയായി വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒടുവില്‍ രാത്രി 10:30 ഓടെ ഒരു അപരിചിതന് ഫോണ്‍ എടുത്തു. കെട്ടിടത്തിലെ സെക്യൂരിറ്റിയുടെ ഫോണ്‍ വഴി യുവാവ് ആ വ്യക്തിയുമായി സംസാരിച്ചു. റോഡില്‍ നിന്നുമാണ് ഫോണ്‍ കിട്ടിയതെന്നും അത് സുരക്ഷിതമാണെന്നും അദ്ദേഹം അറിയിച്ചു. സമയം വൈകിയതിനാല്‍ പിറ്റേദിവസം രാവിലെ ഫോണ്‍ കൈമാറാന്‍ തീരുമാനിച്ചു.
വാക്കുപാലിച്ചുകൊണ്ട് പിറ്റേന്ന് രാവിലെ ആ അപരിചിതന് ഫോണ്‍ തിരികെ നല്കി. പ്രത്യുപകാരമായി യാതൊന്നും അദ്ദേഹം ആവശ്യപ്പെട്ടതുമില്ല. സംസാരത്തിനിടയില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് യുവാവിന്റെയും സോഷ്യല്‍ മീഡിയയുടെയും മനസ്സ് കീഴടക്കിയത്. 'ഞാന്‍ ദിവസം 1,000 രൂപ സമ്പാദിക്കുന്നുണ്ട്, അതില്‍ ഞാന്‍ സന്തോഷവാനാണ്. നമ്മള് എപ്പോഴും നല്ല കാര്യങ്ങള്‍ ചെയ്യണം'. അദ്ദേഹത്തിന്റെ സത്യസന്ധതയില്‍ മതിപ്പ് തോന്നിയ യുവാവ് സ്നേഹപൂര്‍വ്വം 2,000 രൂപ സമ്മാനമായി നല്കി. 'നല്ല മനുഷ്യര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്' എന്ന കുറിപ്പോടെയാണ് യുവാവ് ഈ അനുഭവം പങ്കുവെച്ചത്.
by






