
സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം കൗമാരക്കാരുടെ മാനസിക സന്തോഷം തകര്‍ക്കുന്നതായി ലോക സന്തുഷ്ടി റിപ്പോര്‍ട്ട്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും യുഎന്നും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ലോകത്തെ ഏറ്റവും സന്തുഷ്ടമായ രാജ്യമായി ഫിന്‍ലാന്‍ഡ് തുടര്‍ച്ചയായ ഒന്‍പതാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. 147 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 116-ഠാം സ്ഥാനത്താണ്.
ദിവസവും അഞ്ച് മണിക്കൂറിലധികം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന കൗമാരക്കാര്‍ക്ക്, പ്രത്യേകിച്ച് 15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് സന്തോഷം കുറവാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്റര്‍നെറ്റിലെ പ്രശസ്തരായ വ്യക്തികളുടെ ജീവിതവുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണം. ഇത് കുട്ടികളില്‍ വലിയ തോതില്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നു.
ഗാലപ്പ്, യുഎന്‍ സസ്റ്റൈനബിള്‍ ഡെവലപ്മെന്റ് നെറ്റ്വര്‍ക്ക് എന്നിവയുടെ സഹകരണത്തോടെയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സാങ്കേതികവിദ്യ വളരുമ്പോഴും യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ഈ ഒറ്റപ്പെടല്‍ ഗൗരവകരമായി കാണണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു.






