
2008 ലെ മുംബൈ ഭീകരാക്രമണത്തോടുള്ള തന്റെ പ്രതികാരമാണ് ധുരന്ധര്‍ എന്ന് നടന് അര്ജുന് രാംപാല്‍. ചിത്രത്തിലെ പ്രധാന വില്ലനായ മേജര്‍ ഇക്ബാലിനെ അവതരിപ്പിച്ചത് അര്ജുന് രാംപാല്‍ ആയിരുന്നു. 2008 നവംബര്‍ 26ന് മുംബൈയിലുണ്ടായ ഭീകരാക്രമണം നേരില്‍ കാണേണ്ടി വന്ന അനുഭവമാണ് ധുരന്ധറിലേക്ക് തന്നെ നയിച്ചതെന്നാണ് രാംപാല്‍ പറയുന്നത്.
ഇന്ത്യ ടുഡേയുടെ ഹലോ ഹാള്‍ ഓഫ് ഫെയിം അവാര്‍ഡ്സില്‍ സംസാരിക്കുകയായിരുന്നു അര്ജുന് രാംപാല്‍. ''2008 ല്‍ 26/11 സംഭവിക്കുമ്പോള്‍ ഞാന്‍ ഈ ഹോട്ടലിലായിരുന്നു. എന്റെ ചില സുഹൃത്തുക്കളെ കൂട്ടാന്‍ വന്നതായിരുന്നു. ഞങ്ങള്‍ താജ് ഹോട്ടലിലേക്ക് പോവുകയായിരുന്നു. അന്ന് എന്റെ ജന്മദിനമായിരുന്നു. ഒരുത്തന് തയ്യാറാകുന്നതില്‍ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. ദൈവം അവനെ അനുഗ്രഹിക്കട്ടെ'' താരം പറയുന്നു.
ഞങ്ങള്‍ ബാറില്‍ ഇരിക്കുകയാണ്. ഓരോ ഡ്രിങ്ക് ഓര്‍ഡര്‍ ചെയ്തു. ആ സമയമാണ് മാഹിമിന് സമീപം ആദ്യത്തെ ബോംബ് പൊട്ടുന്നത്. ഞാന്‍ ആ ശബ്ദം കേട്ടു. ഗ്ലാസൊക്കെ വിറച്ചു. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ അമ്പരന്നു. പത്ത് മിനുറ്റില്‍ ഞങ്ങളുടെ ഫോണുകള്‍ ശബ്ദിക്കാന്‍ തുടങ്ങി. കൊലാബയിലൊരു ഗ്യാങ് വാര് ആണെന്നാണ് ആദ്യം പറഞ്ഞത്. അടുത്ത 30 മിനുറ്റില്‍ ഹോട്ടല്‍ അടച്ചുപൂട്ടി. എംഡിയായ ആദര്‍ശ് ജതിയ എനിക്ക് ഒരു സ്യൂട്ട് നല്കി. ഇന്ന് രാത്രി ഇവിടെ തങ്ങാമെന്നും ആരേയും പുറത്ത് വിടരുതെന്നാണ് പറഞ്ഞതെന്നും അറിയിച്ചു. ആരും സുരക്ഷിതരായിരുന്നില്ല. അങ്ങനെ എന്റെ ജന്മദിനത്തില് ഞാന്‍ 26/11 ന്റെ ഭീകരത കണ്ടു താരം പറയുന്നു.
രാവിലെ തിരികെ പോകുമ്പോള്‍ മൂന്നിടത്തെങ്കിലും ഞാന്‍ വണ്ടി നിര്‍ത്തിയിരുന്നു. എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി. ആദിത്യ 26/11 ന്റെ സീന്‍ പറഞ്ഞപ്പോള്‍ തന്നെ എനിക്ക് മനസിലായി ഇത് എന്റെ പകവീട്ടല്‍ ആയിരിക്കുമെന്ന്. അതാണ് ഞാന്‍ ധുരന്ധറില്‍ ചെയ്തതും. എനിക്ക് പറയാനുള്ളത് ഭാരത് മാതാ കി ജയ് എന്ന് മാത്രമാണ് എന്നും താരം പറയുന്നു.





