
ഏറെക്കാലത്തെ കാത്തിരിപ്പിനും അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് വിവാഹിതരായ തെലുങ്ക് സൂപ്പർ താരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും പുതിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. തായ്ലൻഡിലെ നിന്നുള്ള ഇരുവരുടെയും പ്രണയാർദ്രമായ ചിത്രങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒരു ഗോവണിപ്പടിയിൽ പരസ്പരം കണ്ണുകളിൽ നോക്കി നിൽക്കുന്ന വിജയിയെയും രശ്മികയെയും ചിത്രത്തിൽ കാണാം. ക്യാഷ്വൽ വസ്ത്രമാണ് ഇരുവരും ധരിച്ചിരിക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ടുകൾ പ്രകാരം, തായ്ലൻഡിലെ പ്രശസ്തമായ കോ സമുയിയിലുള്ള ഒരു സ്വകാര്യ എയർബിഎൻബി വില്ലയിലാണ് ഇവർ താമസിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിജയ്-രശ്മിക വിവാഹം നടന്നത്. തുടർന്ന് മാർച്ച് 4-ന് ഹൈദരാബാദിൽ വെച്ച് സിനിമാ ലോകത്തെ സുഹൃത്തുക്കൾക്കായി ഗംഭീരമായ റിസപ്ഷനും ഒരുക്കിയിരുന്നു.
വിവാഹശേഷം വെള്ളിത്തിരയിൽ വീണ്ടും ഈ ഹിറ്റ് ജോഡികൾ ഒന്നിക്കുന്നു എന്ന വലിയ വാർത്തയും ആരാധകർക്കായി കാത്തിരിപ്പുണ്ട്. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന 'രണബാലി' എന്ന പീരിയഡ് ഡ്രാമയിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 1854-നും 1878-നും ഇടയിൽ ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ തെലുങ്ക് ചിത്രം ഒരുങ്ങുന്നത്. വെള്ളിത്തിരയിലെ പ്രണയജോഡികൾ യഥാർത്ഥ ജീവിതത്തിലും ഒന്നായ ശേഷം ഒരുമിച്ചെത്തുന്ന ചിത്രമെന്ന കൗതുകവുമുണ്ട് 'രണബാലി'യ്ക്ക്.






