
ഉയര്‍ന്ന ശമ്പളമുള്ള ജോലിയും ആഡംബര ജീവിതവും ഏതൊരു വ്യക്തിയുടെയും ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ്. എന്നാല്‍ ഇവിടെ ഇതാ ഒരു യുവാവ് അമേരിക്കയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ലോകം ചുറ്റാനിറങ്ങിയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത്. ഐഐടി ബിരുദധാരിയും യുഎസില്‍ കോര്‍പറേറ്റ് മേഖലയില്‍ ജോലി ചെയ്തതിരുന്ന സംദാനിയാണ് 1.7 കോടി രൂപ വാര്‍ഷിക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യാത്രക്കിറങ്ങിയത്. 38-ാം വയസ്സില്‍ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കില്‍ ഡയറക്ടറായി സേവനമനുഷ്ഠിക്കവെയാണ്, ഒരു ചക്രത്തില്‍ കറങ്ങുന്നതുപോലെയുള്ള മടുപ്പിക്കുന്ന ജീവിതത്തില്‍ നിന്ന് മോചനം തേടി അദ്ദേഹം ഈ സാഹസികമായ തീരുമാനമെടുത്തത്.
പലരും സ്വപ്നം കാണുന്ന ജീവിതസാഹചര്യങ്ങള്‍ ഉപേക്ഷിച്ച്, തന്റെ വീട് വിറ്റ തുകയുമായാണ് അദ്ദേഹം യാത്ര തുടങ്ങിയത്. 2013ല്‍ ജോലി രാജിവെച്ച് ഒറ്റയ്ക്ക് യാത്ര ആരംഭിച്ച സംദാനി, 18 മാസങ്ങള്‍ക്കുള്ളില്‍ 35 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. റഷ്യയിലെ പര്‍വ്വതനിരകള്‍ മുതല്‍ ഈജിപ്തിലെ മരുഭൂമികള്‍ വരെ നീണ്ട ആ യാത്രയില്‍ അദ്ദേഹം പുതിയ മനുഷ്യരെ പരിചയപ്പെടുകയും തന്നെത്തന്നെ കണ്ടെത്തുകയും ചെയ്തു. മോണ്ടിനെഗ്രോയില്‍ വെച്ച് പരിചയപ്പെട്ട കാത്തി എന്ന ഓസ്ട്രിയന്‍ സാമൂഹിക പ്രവര്‍ത്തക സംദാനിയുടെ ജീവിതം മാറ്റിമറിച്ചു. കേവലം പത്ത് മിനിറ്റിലെ സംഭാഷണത്തില്‍ തുടങ്ങിയ ആ ബന്ധം പിന്നീട് വിവാഹത്തിലേക്ക് നയിക്കുകയായിരുന്നു.
ഇന്ന് സംദാനിയും കാത്തിയും തങ്ങളുടെ മൂന്ന് മക്കളോടൊപ്പം ലോകം ചുറ്റുകയാണ്. ലളിതമായ ഹോം സ്റ്റേകളില്‍ താമസിച്ച് യാത്ര ചെയ്യുന്ന ഇവര്‍, തങ്ങളുടെ മക്കള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസത്തിന് പകരം യാത്രകളിലൂടെ നേരിട്ടുള്ള അറിവുകളാണ് പകരുന്നത്. വലിയ ആഡംബരങ്ങളേക്കാള്‍ ജീവിതത്തിലെ ലളിതമായ സന്തോഷങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന ഈ കുടുംബം ലോകത്തെ തന്നെ അത്ഭുതപ്പെടുത്തുകയാണ്.






