
തെഹ്റാന്: പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും എന്നാല്‍ വാഷിംഗ്ടണുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് താല്‍പ്പര്യമില്ലെന്നും ഇറാന്. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് രാജ്യത്തിന്റെ നിലപാട് പരസ്യപ്പെടുത്തിയത്. ഇറാന് യുദ്ധം അവസാനിപ്പിക്കാന്‍ സന്നദ്ധമാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ക്ക് മറുപടിയായാണ് ഈ പ്രതികരണം.
ഇറാനെ ലക്ഷ്യം വെച്ചുള്ള അമേരിക്കയുടെ നീക്കങ്ങള്‍ പരാജയപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം വിലയിരുത്തി. രാജ്യത്തെ ഭരണമാറ്റവും സൈനിക തകര്‍ച്ചയുമായിരുന്നു അമേരിക്കയുടെ ലക്ഷ്യമെന്നും എന്നാല്‍ ഇറാന്റെ സുരക്ഷാ കവചം ഭേദിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും മന്ത്രാലയം അവകാശപ്പെട്ടു. മേഖലയില്‍ ശാശ്വതമായ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ അത് സ്വന്തം പ്രതിരോധ ശേഷിയെ പണയപ്പെടുത്തിക്കൊണ്ടാവില്ലെന്നും അരാഗ്ചി കൂട്ടിച്ചേര്‍ത്തു. അമേരിക്ക മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞ ഇറാന്, സമാധാനത്തിനായി അഞ്ച് പ്രധാന നിബന്ധനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
പ്രധാനപ്പെട്ട സമുദ്രപാതയായ ഹോര്‍മൂസ് കടലിടുക്ക് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ചരക്കുനീക്കത്തിനായി തുറന്നുനല്‍കുമെന്ന് ഇറാന് പ്രഖ്യാപിച്ചു. ആഗോള വിപണിയെയും വ്യാപാരത്തെയും ബാധിക്കാത്ത വിധത്തില്‍ നയതന്ത്രപരമായ നീക്കുപോക്കുകള്‍ക്ക് ഇറാന് തയ്യാറാണെന്ന സൂചനയാണിതിലൂടെ നല്‍കുന്നത്. നയതന്ത്ര ചര്‍ച്ചകള്‍ ഒരു വശത്ത് നടക്കുമ്പോഴും പശ്ചിമേഷ്യയില്‍ ഇറാന് അനുകൂല സേനകളുടെ ആക്രമണം രൂക്ഷമാകുകയാണ്. പുലര്‍ച്ചെയുണ്ടായ ആക്രമണശ്രമത്തെ യുഎഇ സുരക്ഷാസേന വിജയകരമായി പ്രതിരോധിച്ചു.
ബഹ്റിനിലെ മുഹ്റഖ് മേഖലയില്‍ ഇറാന്റെ ആക്രമണത്തെത്തുടര്‍ന്ന് തീപിടുത്തമുണ്ടായെങ്കിലും ആളപായ റിപ്പോര്‍ട്ടില്ല. സൗദിയുടെ കിഴക്കന്‍ മേഖല ലക്ഷ്യമിട്ടെത്തിയ ഇറാന്റെ മൂന്ന് ഡ്രോണുകള്‍ പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകര്‍ത്തു. സംഘര്‍ഷം ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ തുടരുമ്പോഴും മേഖലയിലെ സൈനിക നീക്കങ്ങള്‍ ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്.






