
നടന് രാം ചരണിന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ആശംസകള്‍ നേര്‍ന്ന് പിതാവും ഇതിഹാസ നടനുമായ ചിരഞ്ജീവി. കുട്ടിക്കാലം മുതല്‍ ഇന്നത്തെ വളര്‍ച്ച വരെയുളള ചരണിന്റെ യാത്രയെക്കുറിച്ചുളള ചിരഞ്ജീവിയുടെ വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. രാം ചരണിന്റെ കുട്ടിക്കാലത്തെ അപൂര്‍വ്വ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നടന്റെ ആശംസ.
‘ചരണ്‍ ബാബു...കുട്ടിക്കാലത്ത് എന്റെ കൈ പിടിച്ചു നടന്നതു മുതല്‍ ഇന്ന് അനേകര്‍ക്ക് പ്രചോദനമായി മാറിയതു വരെ. നീ എന്നെ ശരിക്കും
അഭിമാനഭരിതനാക്കുന്നു,സിനിമയും വ്യക്തിജീവിതവും നീ ബാലന്‍സ് ചെയ്യുന്ന രീതി, കുടുംബത്തോടുള്ള നിന്റെ ഉത്തരവാദിത്തം, ദൈവത്തിലുള്ള നിന്റെ വിശ്വാസം, നിന്റെ അച്ചടക്കം, മൂല്യങ്ങള്‍... ഓരോ തവണ ഇത് കാണുമ്പോഴും നിന്നോടുള്ള എന്റെ സ്നേഹവും ആരാധനയും കൂടി വരികയേയുള്ളൂ.
ദൈവാനുഗ്രഹവും ആരാധകരുടെ സ്നേഹവും എപ്പോഴും നിന്നെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കട്ടെ. ജന്മദിനാശംസകള്’ -ചിരഞ്ജീവിയുടെ വാക്കുകള്‍.
രാം ചരണിന്റെ ഭാര്യ ഉപാസന കൊനിഡേലും ചിരഞ്ജീവയുടെ പോസ്റ്റിനു താഴെ കമന്റുമായെത്തിയിട്ടുണ്ട്. അടുത്തിടെ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കിയ ഉപാസന, അദ്ദേഹം പങ്കുവെച്ച ചിത്രങ്ങളില്‍ മൂത്താമത്തെ ചിത്രം തന്റെ മകള്‍ അന്വീരയുടെ കാര്‍ബണ്‍ കോപ്പി ആണെന്നാണ് കുറിച്ചത്. ആരാധകരും ഈ പോസ്റ്റിന് താഴെ സ്നേഹം വാരിച്ചൊരിയുകയാണ്. നിരവധിപ്പേരാണ് തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് പിറന്നാള്‍ ആശംസകള്‍ കമന്റായി കുറിക്കുന്നത്.
നേരത്തെ രാം ചരണിന്റെ സഹോദരി സുസ്മിത കൊനിഡേലയും താരത്തിന് ഹൃദ്യമായ ആശംസകള്‍ നേര്‍ന്ന് പോസ്റ്റ് പങ്കുവെച്ചിരുന്നു. 'അവന് ഞങ്ങളുടെ കരുത്തും അഭിമാനവുമാണ്,' എന്നാണ് സുസ്മിത സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ആരാധകര്‍ 'മെഗാ ഫാമിലി' എന്ന ഹാഷ്ടാഗോടെ ഈ പോസ്റ്റുകള്‍ ആഘോഷമാക്കുകയാണ്.
അതേസമയം, 'പെഡ്ഡി' എന്ന സിനിമയുടെ സെറ്റില്‍ വെച്ച് രാം ചരണിന് പരിക്കേറ്റ വാര്‍ത്ത ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാല്‍ ഇതില്‍ വ്യക്തത വരുത്തിക്കൊണ്ട് സിനിമയുടെ നിര്‍മ്മാതാക്കള്‍ രംഗത്തെത്തി.
താരത്തിന്റെ ഇടതുകണ്ണിന് ചെറിയ പരിക്കേറ്റിരുന്നുവെന്നും ഒരു ചെറിയ ശസ്ത്രക്രിയ ആവശ്യമായി വന്നുവെന്നും അവര്‍ അറിയിച്ചു. നിലവില്‍ അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ചിത്രീകരണം തടസ്സമില്ലാതെ തുടരുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ബുച്ചി ബാബു സാന സംവിധാനം ചെയ്യുന്ന ഈ സ്പോര്‍ട്സ് ഡ്രാമയില്‍ ജാന്‍വി കപൂര്‍, ശിവ രാജ്കുമാര് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.






