ചാലിശേരി: വേനല്‍ച്ചൂടിന്റെ കാഠിന്യത്തില്‍നിന്ന് ആശ്വാസം തേടി താറാവുകൂട്ടങ്ങള്‍ ചാലിശേരി തോട്ടിലും പാടശേഖരങ്ങളിലും നിറഞ്ഞൊഴുകുന്നു. വെള്ളനിറത്തിലും തവിട്ടുനിറത്തിലും തിളങ്ങുന്ന ഏകദേശം 67 ദിവസം പ്രായമുള്ള പതിനായിരത്തോളം താറാവുകളാണ് കൊയ്ത്ത് കഴിഞ്ഞ പാടത്തും തോടിന്റെ തീരത്തും ആഹാരം തേടി സഞ്ചരിക്കുന്നത്.
വെള്ളത്തില്‍ ഇളകിമറിയുന്ന താറാവുകളുടെ കൂട്ടയാത്രയും, ഒരേ താളത്തില്‍ മുന്നേറുന്ന അവയുടെ ചലനങ്ങളും കാണികള്‍ക്ക് അപൂര്‍വ ദൃശ്യവിരുന്നാണ്. കവുക്കോട് തോടിന്റെ ശാന്തമായൊഴുക്കില്‍ കിലോമീറ്ററുകളോളം നീളുന്ന കാഴ്ചയാണ് കായല്‍രാജാക്കന്മാരുടെ തൂവല്‍പ്പട.
പാലക്കാട് പന്നിക്കോട് സ്വദേശിയായ സുദേവനാണ് താറാവുകൂട്ടങ്ങളുമായി ചാലിശേരിയിലെത്തിയത്. താറവു കൂട്ടങ്ങള്‍ തിരുവല്ല സ്വദേശി ജോണിയുടേതാണ്. 25 വര്‍ഷമായി സുദേവന്റെ ജീവിതം താറാവുകളോടപ്പമാണ്.
കൊയ്ത്തിന് ശേഷമുള്ള പാടങ്ങളില്‍ ലഭിക്കുന്ന പ്രകൃതിദത്ത തീറ്റയാണ് ഇവയുടെ പ്രധാന ആശ്രയം. കാലാവസ്ഥാ വ്യതിയാനങ്ങള്‍ ശക്തമാകുമ്പോഴും തോടുകളും ജലസ്രോതസുകളും ജീവജാലങ്ങള്‍ക്ക് അഭയകേന്ദ്രങ്ങളായി മാറുകയാണ്. അഞ്ചുമാസം വരെയുള്ള കാലയളവില്‍ കേരളത്തിനകത്തും പുറത്തുമുള്ള പാടശേഖരങ്ങളിലൂടെ തീറ്റ തേടിയുള്ള ഇവയുടെ യാത്ര തുടരുകയാണ്.



