
ഹൃത്വിക് റോഷന്റെ കാമുകിയും നടിയും ഗായികയുമായ സബ ആസാദ് സൈക്ലോസ്പോറ കയെറ്റനെന്‍സിസ് എന്ന അപൂര്‍വ പരാദബാധയെത്തുടര്ന്ന് ആശുപത്രിയില്‍ . ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലാണ് താന്‍ നേരിടുന്ന കഠിനമായ ആരോഗ്യപ്രതിസന്ധിയെക്കുറിച്ച് താരം വെളിപ്പെടുത്തിയത്.
തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട 14 ദിവസങ്ങളിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് സബ വെളിപ്പെടുത്തി. ആശുപത്രിയിലുളള ദിവസങ്ങളില്‍ നടന് ഹൃത്വിക് റോഷന് തനിക്ക് നല്കുന്ന വലിയ പിന്തുണയെക്കുറിച്ചും സബ തുറന്നു പറഞ്ഞു. ദുഷ്കരമായ സാഹചര്യങ്ങളിലും തമാശകള്‍ കണ്ടെത്തി തന്റെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ ഹൃത്വിക് ശ്രമിക്കുന്നുണ്ടെന്നും സബ കുറിച്ചു.
ജീവിത്തിലെ ഏറ്റവും മോശമായ 14 ദിവസങ്ങള്‍. സൈക്ലോസ്പോറ കയെറ്റനെന്‍സിസ്, ഇത് ശരിക്കും ഒരു വില്ലന്‍ തന്നെ. എപ്പോഴും വീട്ടിലെ ഭക്ഷണം മാത്രം കഴിക്കുന്ന, എവിടെ പോയാലും സ്വന്തമായി വെളളം കരുതുന്നഒരാളായിട്ടും ഈ അസുഖം എന്നെ തേടി പിടിച്ചു. അതും വര്‍ഷത്തിലെ ഏറ്റവും തിരക്കുളള സമയത്ത് തന്നെ. ഈ രണ്ടാഴ്ചയ്ക്കുളളില്‍ നാല് കിലോയാണ് ഭാരം കുറഞ്ഞത്, ഇപ്പോള്‍ നടക്കാന്‍ പോലും കഴിയുന്നില്ല.
ഒരു ദിവസം രണ്ടുനേരം വ്യായാമം ചെയ്യുന്ന ആളായിരുന്നു. പുള്‍-അപ്പുകള്‍ എടുക്കുന്നു, ഭാരങ്ങള്‍ ഉയര്‍ത്തുന്നു. എന്നാല്‍ അടുത്ത ദിവസം നോക്കുമ്പോള്‍ ഞാന്‍ പകുതിയായി കുറഞ്ഞിരിക്കുന്നു. ഭാരം പോയിട്ട് ഒരു ടൂത്ത് പിക് പോലും ഉയര്‍ത്താനുളള ശക്തി എനിക്കില്ല. അതുകൊണ്ട് നിങ്ങളുടെ വയറിനോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കില്‍ പച്ചക്കറികളും സാലഡ് ഇലകളും കഴുകുമ്പോള്‍ ജീവനെ കരുതി വളരെയേറെ സൂക്ഷിക്കുക. ബേക്കിങ് സോഡയും വെജിറ്റബിള്‍ വാഷും ഉപയോഗിച്ച് പച്ചക്കറികള്‍ കഴുകുന്ന രീതിയാണ് ഞങ്ങള്‍ ഇപ്പോള്‍ പിന്തുടരുന്നത്.
ഈ ചിത്രം പകര്‍ത്തിയത് ഹൃത്വിക് റോഷനാണ്. എന്റെ മോശം മൂഡിലും അദ്ദേഹം എനിക്ക് കൂട്ടിരുന്നു. ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിലും തമാശകള്‍ കണ്ടെത്താന്‍ അദ്ദേഹത്തിന് എപ്പോഴും കഴിയാറുണ്ട് സബയുടെ വാക്കുകള്‍.
2000-ല്‍ വിവാഹിതരായ ഹൃത്വിക് റോഷനും സുസന്ന ഖാനും 2014-ലാണ് വിവാഹമോചിതരായത്. ഇവര്‍ക്ക് ഹരേഹാന്‍, ഹൃദാന്‍ എന്നീ രണ്ട് മക്കളുണ്ട്. 2022 മുതല്‍ പ്രണയത്തിലായ ഹൃത്വിക്കും സബയും 2025 ഒക്ടോബറില്‍ തങ്ങളുടെ നാലാം വാര്‍ഷികം ആഘോഷിച്ചിരുന്നു.






