
മൂത്തമകന് ഹ്രെഹാന്റെ ഇരുപതാം പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ബോളിവുഡ് നടന് ഹൃത്വിക് റോഷന്. ഉത്തരവാദിത്തമുളള ഒരു മുതിര്‍ന്ന വ്യക്തിയാകുമ്പോഴും ഉളളിലെ കുട്ടിക്കാലത്തെ ചേര്‍ത്തുപിടിക്കേണ്ടതിന്റെ പ്രാധാന്യമാണ് താരം ഈ സന്ദേശത്തിലൂടെ പങ്കുവെക്കുന്നത്.
തന്റെ പ്രിയപ്പെട്ട മകന് സ്നേഹപൂര്‍വ്വം 'റേ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഹൃത്വിക് കുറിപ്പ് ആരംഭിക്കുന്നത്. ജീവിതത്തില്‍ കരുത്തും വിവേകവും ഉത്തരവാദിത്തവുമുള്ള ഒരു വ്യക്തിയായി മാറേണ്ടത് എന്തിനാണെന്ന് താരം കുറപ്പില്‍ വ്യക്തമാക്കുന്നു.
'സ്വന്തം ജീവിതത്തെ കരുത്തുള്ളതും വിവേകമുള്ളതുമാക്കി മാറ്റുന്നത് നിന്റെ ഉള്ളിലെ ആ കുട്ടിക്ക് അവസാനമില്ലാത്ത സന്തോഷവും പൊട്ടിച്ചിരികളും സമ്മാനിക്കാനാണ്. ആ സ്വാതന്ത്ര്യമാണ് നിന്നെ പറന്നുയരാന്‍ സഹായിക്കുന്നത്. അത് മാത്രമാണ് നിന്റെ ജോലി.' - ഹൃത്വിക് കുറിച്ചു.
ജീവിതത്തെ ഒരു വള്ളത്തോടാണ് ഹൃത്വിക് ഉപമിച്ചിരിക്കുന്നത്. ജീവിതം നയിക്കുന്നത് മുതിര്‍ന്ന വ്യക്തിയാണെങ്കിലും അതിന്റെ യഥാര്‍ത്ഥ നിയന്ത്രണം (ക്യാപ്റ്റന്‍) ഉള്ളിലെ ആ കുട്ടിയായിരിക്കണം എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. വിഖ്യാതമായ 'ഓ ക്യാപ്റ്റന്‍, മൈ ക്യാപ്റ്റന്‍' എന്ന വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഹൃത്വിക് തന്റെ മകന് ജന്മദിനാശംസകള് നേര്‍ന്നത്. കൂടാതെ മക്കളോടൊപ്പം നീന്തൽക്കുളത്തിൽ ചിലവഴിക്കുന്നതിന്റെയും, ഹ്രെഹാന്റെ കുട്ടിക്കാലത്തെ ചില ചിത്രങ്ങളും താരം കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിപ്പേരാണ് പോസ്റ്റിനു താഴെ ഹ്രെഹാന് ആശംസകളുമായെത്തുന്നത്.
അമ്മ സുസൈന് ഖാനും മകന് ആശംസകള്‍ നേര്‍ന്ന് പോസ്റ്റ് പങ്കുവെച്ചിരുന്നു. റേ, എന്റെ ജീവനേ... നീയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം. എന്റെ ആദ്യത്തെ കണ്മണി. നിന്റെയും റിദോയുടെയും അമ്മയാകാന്‍ കഴിഞ്ഞതിനേക്കാള്‍ വലിയ സന്തോഷം എനിക്കില്ല. നീ വളര്‍ന്നു വന്ന രീതിയില്‍ എനിക്ക് അഭിമാനവും നന്ദിയുമുണ്ട്. ഒരുപാട് സ്നേഹം, നിന്റെ ഇരുപതുകളിലേക്ക് സ്വാഗതം മകനേ,എന്നായിരുന്നു സുസൈന് കുറിച്ചത്.
അതേസമയം 2000ലാണ് ഹൃത്വിക് റോഷനും സൂസ്സന്നെ ഖാനും വിവാഹിതരാവുന്നത്. 2014ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു.
ഇവര്‍ക്ക് ഹ്രെഹാന്, ഹൃദാന്‍ എന്നീ രണ്ട് മക്കളുണ്ട്.






