
വിവാഹ ദിവസം വധുവരന്മാരുമായി ബന്ധപ്പെട്ട് വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ വിവാഹവേഷത്തില്‍ കാറിലിരുന്ന് ജോലിക്ക് അപേക്ഷിക്കുന്ന ഒരു വധുവിന്റെ വീഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്. വിവാഹത്തിന്റെ പരിഭ്രമങ്ങളൊന്നുമില്ലാതെ, അതീവ ഗൗരവത്തോടെ ഫോണില്‍ ഇമെയില്‍ അയക്കുന്ന തിരക്കിലാണ് ഈ യുവതി. ജീവിതത്തിലെ സുപ്രധാനമായ വിവാഹാഘോഷങ്ങള്ക്കിടയിലും സ്വന്തം കരിയറിന് അവള് നല്കുന്ന പ്രാധാന്യമാണ് ഈ വീഡിയോയെ വ്യത്യസ്തമാക്കുന്നത്.
വിവാഹത്തോളം തന്നെ പ്രധാനമാണ് സാമ്പത്തിക ഭദ്രതയും ജോലിയുമെന്ന് ഈ വധുവിന് കൃത്യമായ ബോധ്യമുണ്ട്. ഒരു ജോലി നല്കുന്ന ആത്മവിശ്വാസവും സുരക്ഷിതത്വവും ജീവിതകാലം മുഴുവന്‍ തുണയാകുമെന്ന് അവള് വിശ്വസിക്കുന്നു. അതുകൊണ്ടാണ് വിവാഹ വസ്ത്രത്തില്‍ ഇരിക്കുമ്പോഴും വീണുകിട്ടിയ സമയം പാഴാക്കാതെ അവള് തന്റെ ഭാവിക്കായി പരിശ്രമിക്കുന്നത്.
സാഞ്ചിശിവം എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പുറത്തുവന്നത്. വ്യക്തിജീവിതത്തിലെ സുപ്രധാന നിമിഷങ്ങളും തൊഴില്‍പരമായ ഉത്തരവാദിത്തങ്ങളും ഒരേസമയം കൈകാര്യം ചെയ്യേണ്ടി വരുന്ന പുതിയ കാലത്തെ പെണ്‍കുട്ടികളുടെ പ്രതിനിധിയായാണ് ഈ വധുവിനെ പലരും വിശേഷിപ്പിക്കുന്നത്. ജോലി എത്രത്തോളം പ്രധാനമാണെന്ന യുവതിയുടെ തിരിച്ചറിവിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.






