
മലയാള സിനിമയില്‍ പലപ്പോഴും വിവാദങ്ങള്‍ പിന്തുടര്ന്നിട്ടുള്ള സംവിധായകനാണ് വിനയന്. അഭിപ്രായങ്ങള്‍ തുറന്നുപറയാനും നിലപാട് എടുക്കാനും മടി കാണിക്കാത്ത വിനയന്റെ സ്വഭാവം സിനിമാ സംഘടനകള്‍ക്ക് പലപ്പോഴും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. മലയാള സിനിമയിൽ ഒറ്റയാൾ പോരാട്ടം നടത്തി മുന്നേറിയ വിനയന്, വിലക്കുകൾക്കിടയിലും സിനിമകൾ പുറത്തിറക്കി നിയമവഴിയിൽ വിജയം നേടി അതിശയിപ്പിച്ചിട്ടുണ്ട്.
സാധാരണക്കാരുടെ കഥ പറയുന്ന ചിത്രങ്ങള്‍ക്കൊപ്പം അത്ഭുതദ്വീപ് ഉൾപ്പെടെയുള്ള ഫാന്റസി ചിത്രങ്ങളും ആകാശഗംഗ പോലുള്ള ഹൊറർ ചിത്രങ്ങളും ഒട്ടേറെ കോമഡി ചിത്രങ്ങളുമെല്ലാം മലയാളികൾക്ക് വിനയന് നല്കി. മലയാള സിനിമ അന്നേവരെ കാണാത്ത ദൃശ്യാനുഭവമായിരുന്നു 2005 ൽ വിനയൻ ‘അത്ഭുതദ്വീപ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചത്
ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കുവെക്കുകയാണ് വിനയൻ. ഒരു ഫാന്റസി സിനിമയുടെ പ്ലാനിങ്ങിലാണ് താനെന്നും സിനിമയുടെ ഷൂട്ടിംഗ് ജൂലൈയിൽ തുടങ്ങുമെന്ന പ്രതീക്ഷയിലാണെന്നും വിനയൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘‘സോഷ്യൽ മീഡിയയിൽ കണ്ട ഈ വാർത്ത വളരെ ഇന്ററസ്റ്റിംഗ് ആയി തോന്നി...എന്റെ സിനിമകളിലൂടെ വന്ന ഫാന്ററസി കഥാപാത്രങ്ങളെപറ്റി നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത് ശ്രദ്ധിക്കാറുണ്ട്...
സത്യം പറയട്ടെ...ഇതുപോലൊരു ഫാന്റസി സിനിമയുടെ പ്ലാനിംഗിലാണ്...പുതിയ ടെക്നോളജിയും ന്യൂജൻ ചിന്തകളും ക്രോഡീകരിച്ചുള്ള ആ സിനിമയുടെ ഷൂട്ടിംഗ് ജൂലൈയിൽ തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ്...വിശദവിവരം സുഹൃത്തുക്കളെ പിന്നാലെ അറിയിക്കാം...’’ എന്നാണ് വിനയന് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
അടുത്തിടെ താൻ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണെന്ന് വിനയന് അറിയിച്ചിരുന്നു. തന്റെ 41-ാമത്തെ മലയാളം ചിത്രം ഒരു ഫാന്റസി ത്രില്ലർ ആയിരിക്കുമെന്നാണ് വിനയന് വ്യക്തമാക്കിയത്. അതും രണ്ട് സൂപ്പർ ഹിറ്റ് ഫാന്റസി ചിത്രങ്ങൾ സംയോജിപ്പിച്ചുകൊണ്ട് ഒരു യൂണിവേഴ്സ് നിർമിക്കാൻ ഒരുങ്ങുകയാണെന്ന സുചനയാണ് വിനയന് നല്‍കിയത്. സിനിമയുടെ കാസ്റ്റിങ്ങും മറ്റ് വിവരങ്ങളും പങ്കുവെക്കവെയാണ് സംവിധായകൻ വിനയൻ തന്റെ പുതിയ സിനിമയെ കുറിച്ചുള്ള സൂചനകൾ പങ്കുവെച്ചത്.
പുതിയ ചിത്രത്തിലേക്കുള്ള കുട്ടിതാരത്തെ പരിചയപ്പെടുത്തികൊണ്ടായിരുന്നു വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്. അതില്‍ വന്ന കമന്റിന് മറുപടിയായി തന്റെ പുതിയ സിനിമയെ കുറിച്ചുള്ള സൂചന വിനയന് പങ്കിട്ടു. ‘പുതിയ അതിശയൻ ആരുഷ് ഫോട്ടാ ഷൂട്ടിന് റെഡി’ എന്ന കുറിപ്പോടെയായിരുന്നു വിനയൻ കുട്ടിതാരത്തിനോടൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.






