
കോട്ടയം: ഇടതുപക്ഷത്തിന്റെ കരുത്ത് പത്രസമ്മേളന വേദികളിലെ ശബ്ദങ്ങളിലല്ല, ജനങ്ങളുടെ ഹൃദയങ്ങളില്‍ പതിഞ്ഞ വിശ്വാസത്തിലാണെന്നും നുണ കളുടെ ഘോഷയാത്രകള്‍ക്കെതിരെ ജനങ്ങളുടെ പ്രതികരണം സ്വാഭാവികമായി ഉയരുന്നത് അതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അണികളുടെ ആത്മാര്‍ഥതയാണ് പോരാട്ടത്തിന്റെ അടിസ്ഥാനമെന്നും കേരളത്തില്‍ സത്യം മൂടിവയ്ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ജനങ്ങള്‍ നിശബ്ദരായിരിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു. ഈ മുന്നേറ്റത്തെ അംഗീകരിക്കാന്‍ കഴിയാത്ത ചിലര്‍, സത്യങ്ങളെ മറച്ചുവെക്കാനും നുണകള്‍ക്കു നിറം കൊടുക്കാനും ശ്രമിക്കുന്നതു ശക്തിയുക്തം തുടരുകയാണ്. സത്യമാണ് നമ്മുടെ ശബ്ദം. ജനങ്ങളുടെ വഴിയാണ് നമ്മുടെ വഴിയെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കേരളമിന്ന് ആത്മവിശ്വാസത്തോടെയും വ്യക്തമായ ദിശാബോധത്തോടെയും മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ്. ഈ മുന്നേറ്റത്തെ അംഗീകരിക്കാന്‍ കഴിയാത്ത ചിലര്‍, സത്യങ്ങളെ മറച്ചുവെക്കാനും നുണകള്‍ക്കു നിറം കൊടുക്കാനും ശ്രമിക്കുന്നതു ശക്തിയുക്തം തുടരുകയാണ്.
എന്നാല്‍, ഈ മണ്ണിനൊരു പ്രത്യേകതയുണ്ട്: ഇവിടെയാര്‍ക്കും സത്യം മൂടിവെക്കാന്‍ കഴിയില്ല. ഇവിടെ ജനങ്ങള്‍ നിശബ്ദരായിരിക്കില്ല. ഇടതുപക്ഷത്തിന്റെ കരുത്ത് പത്രസമ്മേളന വേദികളിലെ ശബ്ദങ്ങളിലല്ല, ജനങ്ങളുടെ ഹൃദയങ്ങളില്‍ പതിഞ്ഞ വിശ്വാസത്തിലാണ്. അതുകൊണ്ടാണ് നുണകളുടെ ഘോഷയാത്രകള്‍ക്കെതിരെ
ജനങ്ങളുടെ പ്രതികരണം സ്വാഭാവികമായി ഉയരുന്നത്. അത് രാഷ്ട്രീയ മറുപടി മാത്രമല്ല,
ഒരു സമൂഹത്തിന്റെയാകെ ജാഗ്രതയാണ്.
ഇന്നു ഞാന്‍ അഭിസംബോധന ചെയ്യുന്നത് രണ്ടു കരുത്തുകളെയാണ്.
ഒന്ന്, ലോകത്തിന്റെ നാനാഭാഗങ്ങളിലിരുന്നുകൊണ്ട്
കേരളത്തിന്റെ നാളെയെക്കുറിച്ച് ചിന്തിക്കുന്ന നമ്മുടെ സഹയാത്രികര്‍. ദൂരങ്ങള്‍ നിങ്ങളെ അകറ്റിയിട്ടില്ല, അവ നിങ്ങളെ കൂടുതല്‍ ബന്ധിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ ഓരോ വാക്കും ഓരോ ഇടപെടലും ഈ മണ്ണിന്റെ തന്നെ സ്പന്ദനമാണ്.
രണ്ട്, ഈ നാട്ടില്‍ തന്നെയുള്ള, സ്വന്തം ജീവിതത്തിന്റെ തിരക്കുകളും ഉത്തരവാദിത്തങ്ങളും മാറ്റിവെച്ച് ഇടതുപക്ഷത്തിന്റെ വിജയത്തിനായി
വീഥികളിലും വീടുകളിലും ജനങ്ങളുടെ ഇടയിലും സമൂഹമാധ്യമങ്ങളിലും അഹോരാത്രം ഇടപെടുന്ന സഖാക്കള്‍. നിങ്ങളാണ് ഈ പ്രസ്ഥാനത്തിന്റെ ജീവന്. നിങ്ങളുടെ ചുവടുകളാണ് ഈ യാത്രയുടെ ദിശ.
നിങ്ങളുടെ ആത്മാര്‍ത്ഥതയാണ് ഈ പോരാട്ടത്തിന്റെ അടിസ്ഥാനം.
നുണകള്‍ അതിവേഗത്തില്‍ പടരുന്ന കാലമാണിത്. പക്ഷേ സത്യത്തിന് ചിറകുനല്കുന്നത് നിങ്ങളെ പോലുള്ളവരാണ്. അതുകൊണ്ടാണ് കെട്ടുകഥകള്‍ക്ക് ആയുസ്സ് കുറയുന്നത്,
അതുകൊണ്ടാണ് ഇരുട്ടിനെ ഭേദിച്ചുകൊണ്ട് വെളിച്ചമെത്തുന്നത്.
നമ്മള് ചെയ്യേണ്ടത് വ്യക്തമാണ്. മിണ്ടാതിരിക്കരുത്. അസത്യങ്ങളെ ചോദ്യം ചെയ്യുക. സത്യത്തെ ആത്മവിശ്വാസത്തോടെ ഉറക്കെയുറക്കെ പറയുക. ഇതു വെറും കക്ഷിരാഷ്ട്രീയ പോരാട്ടമല്ല. ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ നിലപാടാണ്.
എവിടെയായാലും, ഏത് സാഹചര്യത്തിലായാലും
ഈ പ്രസ്ഥാനത്തിനു കാവലായി നില്ക്കുന്ന സഖാക്കള്‍ക്കും അനുഭാവികള്‍ക്കും സഹയാത്രികര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യവും. ഐക്യമാണ് നമ്മുടെ കരുത്ത്. സത്യമാണ് നമ്മുടെ ശബ്ദം. ജനങ്ങളുടെ വഴിയാണ് നമ്മുടെ വഴി.
ഈ യാത്ര തുടരാം
കൂടുതല്‍ ശക്തമായി.
കൂടുതല്‍ വിശാലമായി.
അടിയുറച്ച ആത്മവിശ്വാസത്തോടെ.
നമ്മളല്ലാതെ മറ്റാര്?






